5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ഇന്ന് കാഴ്ചക്കുല നിറഞ്ഞു, നാളെ ഓണക്കോടി; ​ഗുരുവായൂരപ്പന്റെ ഓണവിശേഷങ്ങൾ ഇങ്ങനെ

Onam 2024 at Guruvayoor temple: ഭക്തർക്കുള്ള തിരുവോണസദ്യ അന്നലക്ഷ്മി ഹാളിലും സമീപത്തുള്ള താത്കാലിക പന്തലിലും രാവിലെ ഒൻപതിന് തുടങ്ങുമെന്നാണ് വിവരം.

Onam 2024: ഇന്ന് കാഴ്ചക്കുല നിറഞ്ഞു, നാളെ ഓണക്കോടി; ​ഗുരുവായൂരപ്പന്റെ ഓണവിശേഷങ്ങൾ ഇങ്ങനെ
Guruvayoor Temple (IMAGE FB)
aswathy-balachandran
Aswathy Balachandran | Updated On: 14 Sep 2024 15:40 PM

തൃശൂർ: കാഴ്ചക്കുലയെന്ന് കേട്ടാൽ ​ഗുരുവായൂരാകും എല്ലാവരുടേയും മനസ്സിൽ ആദ്യമെത്തുക. ഉത്രാടദിനത്തിൽ ​ഗുരൂവായൂരപ്പനു മുന്നിൽ നിരന്ന കാഴ്ചക്കുലകളാണ് ഇത്തവണയും ക്ഷേത്രത്തിലെ ഓണവിശേഷങ്ങളിൽ പ്രധാനപ്പെട്ടത്. ശനിയാഴ്ച രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടിൽ ആദ്യത്തെ കാഴ്ചക്കുല ക്ഷേത്രം മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി സമർപ്പിച്ചതോടെ കുല സമർപ്പണം ആരംഭിച്ചു.

തുടർന്ന് ദേവസ്വം ചെയർമാൻ വി.കെ. വിജയൻ, ഭരണസമിതിയംഗങ്ങൾ, വിശിഷ്ട വ്യക്തികൾ എന്നിവരും നേന്ത്രക്കുലകൾ വച്ചു. കാഴ്ചക്കുലകൾ സമർപ്പിക്കാനുള്ള ഭക്തരുടെ നിരയാണ് ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. തെക്കേനടയിലെ കൂവളത്തിന്റെ ഭാഗത്തു നിന്ന് വരി ആരംഭിച്ച് കിഴക്കേ ഗോപുരനട വഴിയാണ് ഭക്തരെ ഇന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. രാത്രി വരെ കാഴ്ചക്കുലകൾ വയ്ക്കാനുള്ള സൗകര്യമുണ്ട്.

തിരുവോണത്തിന് ഗുരുവായൂരപ്പനുള്ള ആഘോഷം വിശേഷമാണ് കാഴ്ചക്കുല സമർപ്പണം. തിരുവോണ ദിവസമായ നാളെ പുലർച്ചെ മുതൽ കണ്ണന് ഭക്തരുടെ വക ഓണക്കോടി എത്തിത്തുടങ്ങും. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ വകയാണ് ആദ്യ കോടി. സോപാനപ്പടിയിൽ മല്ലിശ്ശേരി രണ്ടു പുടവ സമർപ്പിക്കുന്നതോടെ ചടങ്ങ് തുടങ്ങും.

പിന്നാലെ ദേവസ്വം അധികൃതരും ഭക്തജനങ്ങളും തിരുവോണക്കോടിയുമായെത്തും. നേന്ത്രപ്പഴം കൊണ്ടുള്ള പഴപ്രഥമനും വിഭവസമൃദ്ധമായ കറികളുമായാണ് കണ്ണന്റെ തിരുവോണ ഊട്ട്. ഭക്തർക്കുള്ള തിരുവോണസദ്യ അന്നലക്ഷ്മി ഹാളിലും സമീപത്തുള്ള താത്കാലിക പന്തലിലും രാവിലെ ഒൻപതിന് തുടങ്ങുമെന്നാണ് വിവരം.

കാളൻ, ഓലൻ, പപ്പടം, കൂട്ടുകറി, പഴപ്രഥമൻ, മോര്, കായവറവ്, ശർക്കര ഉപ്പേരി, അച്ചാർ, പുളിയിഞ്ചി എന്നിവ വിളമ്പുമെന്ന് അധികൃതർ അറിയിച്ചു. 10,000 പേർക്കാണ് ഇക്കുറി ഓണസദ്യ തയ്യാറാക്കുന്നത്. ഉത്രാടത്തിന് സമർപ്പിക്കപ്പെടുന്ന നേന്ത്രക്കുലകളിൽ കുറച്ചെണ്ണം തിരുവോണ ദിനത്തിൽ പഴപ്രഥമൻ തയ്യാറാക്കാൻ ഉപയോഗിക്കുന്നതും പതിവാണ്. ബാക്കിയുള്ളവ ആനകൾക്കു നൽകും. പിന്നെയും മിച്ചമാകുന്ന കുലകൾ ലേലം ചെയ്യുകയാണ് ചെയ്യുക.

തിരുവോണത്തിന് ക്ഷേത്രങ്ങളിലേയ്ക്ക്, പ്രധാനമായും ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചയായി നൽകുന്ന വാഴക്കുലകളെയാണ് കാഴ്ചക്കുല എന്നു വിളിക്കുന്നത്. ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ പ്രത്യേക പരിചരണത്തോടുകൂടി വളർത്തിയെടുക്കുന്നതാണ് ഈ കുലകൾ.ചെങ്ങഴിക്കോടൻ എന്നയിനം വാഴയുടെ കുലയെയാണ് പ്രധാനമായും കാഴ്ചക്കുല എന്നു വിളിക്കുന്നത്. ഉരുണ്ടതും ഏണുകൾ ഇല്ലാത്തതുമായ കായകളും സ്വർണനിറമുള്ള ഈയിനം വാഴക്കുലകളുടെ കൃഷി തൃശ്ശൂരടുത്തുള്ള തയ്യൂർ, എരുമപ്പെട്ടി, കരിയന്നൂർ, തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായിട്ടുള്ളത്.

 

Latest News