Suresh Gopi: ‘പെൺമക്കൾ നഷ്ടമാവുമ്പോഴുള്ള സങ്കടം അറിയുന്ന ഒരു അച്ഛനാണ് ഞാനും’; സുരേഷ് ഗോപി
Suresh Gopi Mourns Tragic Loss: അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്ന കുഞ്ഞുങ്ങളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞു. പൊതുദർശനം ആരംഭിച്ചതു മുതൽ മൃതദേഹങ്ങൾക്കു മുൻപിൽ ഉറ്റവരും നാട്ടുകാരും സങ്കടം അടക്കാനാവാതെ കരയുകയാണ്. ഇപ്പോഴിതാ പനയംപാടം അപകടത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു അനുശോചനം അറിയിച്ചത്. അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്ന കുഞ്ഞുങ്ങളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. പെൺമക്കൾ നഷ്ടമാവുമ്പോഴുള്ള സങ്കടത്തിന്റെ വ്യാപ്തി തിരിച്ചറിയുന്ന അച്ഛനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പെൺമക്കൾ നഷ്ട്ടമാവുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിൻ്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങൾ നിറഞ്ഞ ആ പുഞ്ചിരികളും സ്നേഹവും ചേർന്ന ഓർമകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.
അതേസമയം നാല് വിദ്യാർഥിനികളുടെയും കബറടക്കം പൂര്‍ത്തിയായി. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണു നാലു പേരെയും കബറടക്കിയത്. മന്ത്രിമാരായ എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി എന്നിവരും കെ.ശാന്തകുമാരി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര അടക്കമുള്ള ഉദ്യോഗസ്ഥരും കുട്ടികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. നാല് കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.