Uma Thomas Health Update: ഉമാ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി; തലച്ചോറിന് ക്ഷതം, വാരിയെല്ലിനും പരിക്ക്
Thrikkakara MLA Uma Thomas Health Update: നെഹ്‌റു സ്റ്റേഡിയത്തിൽ നിർമിച്ച സ്റ്റേജിൽ നിന്ന് പതിനെട്ടടി താഴ്ചയിലേക്കാണ് ഉമ തോമസ് വീണത്. നൃത്ത പരിപാടി കാണാൻ എത്തിയതായിരുന്നു.
കലൂർ: കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണെന്നും, തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്നും റെനെെ മെഡിസെറ്റി ആശുപത്രി അധികൃതർ അറിയിച്ചു. വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും, ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.
“തലച്ചോറ്, വാരിയെല്ല്, ശ്വാസകോശം എന്നിവയ്ക്ക് പരിക്കുകൾ ഉണ്ട്. ൨൪ മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയ നിലവിൽ ആവശ്യമില്ല. രക്തസ്രാവം നിയന്ത്രണ വിധേയമാണ്. വിദഗ്ധ പരിശോധനകൾ നടക്കുകയാണ്” ഡോക്ടർമാർ അറിയിച്ചു. നെഹ്‌റു സ്റ്റേഡിയത്തിൽ നിർമിച്ച സ്റ്റേജിൽ നിന്ന് പതിനെട്ടടി താഴ്ചയിലേക്കാണ് ഉമ തോമസ് വീണത്. നൃത്ത പരിപാടി കാണാൻ എത്തിയതായിരുന്നു. വീണ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നൃത്ത പരിപാടി സംഘടിപ്പിച്ച സ്റ്റേജിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
കലൂർ നെഹ്‌റു സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡുമായി ബന്ധപ്പെട്ട് നടത്തിയ മൃദംഗനാദം നൃത്ത പരിപാടി കാണാൻ എത്തിയതായിരുന്നു തൃക്കാക്കര എംഎൽഎ ഉമ തോമസ്. നൃത്ത പരിപാടി പുരോഗമിക്കവെയാണ് അപകടം ഉണ്ടായത്. ആളുകളോട് സംസാരിച്ചുകൊണ്ട് ഇരിപ്പിടത്തിൽ ഇരിക്കാനായി ഒരുങ്ങുമ്പോൾ വിഐപി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡിൽ പിടിത്തം കിട്ടാതെ വന്നതോടെ വീഴുകയായിരുന്നു. ബാരിക്കേഡിന് പകരം റിബ്ബണായിരുന്നു കെട്ടിവെച്ചിരുന്നതിനും ആരോപണം ഉണ്ട്.
ALSO READ: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പരിപാടി കാണായി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അപകടം ഉണ്ടായ ഉടനെ എംഎൽഎയ്ക്ക് സ്റ്റേഡിയത്തിലെ വോളന്റിയർമാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം, ഉടൻ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ജോയ് ആലുക്കാസ് ആണ് മൃദംഗനാദം എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തിയുള്ള പരിപാടിയാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ളതായിരുന്നു പരിപാടി. ഇതിനിടെ ആണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് താത്കാലികമായി നിർത്തി വച്ചിരുന്ന പരിപാടി വീണ്ടും പുനരാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.