Athirappilly Elephant Attack: വീണ്ടും കാട്ടാന ആക്രമണം; ആതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ
Wild Elephant Attack in Athirappilly: അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിലാണ് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രദേശത്ത് ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്.

രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച ആതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിലാണ് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രദേശത്ത് ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്.
ഇന്ന് പുലർച്ചെയാണ് വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴച്ചാല്‍ സ്വദേശികളായ അംബിക(30), സതീഷ്(34) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. കഴിഞ്ഞ ദിവസം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു ഇവർ. നാലംഗ സംഘമായാണ് ഇവർ പോയത്. ഇതിനായി വനത്തിൽ ഒരു താൽക്കാലിക ഷെഡ് പണിതാണ് അവർ താമസിച്ചത്. ഇവിടെക്ക് കാട്ടാന എത്തുകയായിരുന്നു. തുടർന്ന് നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. സതീഷിന്റെ മൃതദേഹം പാറയിൽ കിടക്കുന്ന നിലയിലായിരുന്നു.
സംഭവസ്ഥലത്ത് വൻ പ്രതിഷേധം അരങ്ങേറി. കളക്ടർ സ്ഥലത്തെത്താതെ സതീഷിന്റെ മൃതദേഹം വിട്ടു നൽകില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സർക്കാരോ വനം വകുപ്പോ ജാഗ്രത പാലിക്കുന്നില്ലെന്നും ആദിവാസികൾ കാട്ടിലേക്ക് പോകുന്നത് ഉപജീവനത്തിന് വേണ്ടിയാണെന്നും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകാൻ നടപടി വേണമെന്നും കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
Also Read:കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
അതേസമയം കഴിഞ്ഞ ഞായറാഴചയും അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു.അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽനിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് തിരിച്ചുവരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.