Amoebic meningoencephalitis Case: ആശങ്കയിൽ തലസ്ഥാനം; രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, 2 മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 14 പേർക്ക്
Amoebic meningoencephalitis Case: രണ്ട് മാസത്തിനിടെ 14 പേർക്കാണ് തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന അത്യപൂർവ്വ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഒന്നാണ് അമീബിക് മസ്തിഷ്ക ജ്വരം.
തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ച് അമീബിക് മസ്തിഷ്ക ജ്വരം.തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. വിദ്യാർത്ഥി ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് നാവായിക്കുളത്തെ പ്ലസ്ടു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 14 പേർക്കാണ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടില്ല. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥിയോടൊപ്പം മുൻകരുതലിന്റെ ഭാഗമായി രണ്ട് പേരെ കൂടി നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്.
അമീബിക് മസ്തിഷ്ക ജ്വരം അത്യപൂർവ്വ രോഗമെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കേരളത്തിൽ രോഗം അനുദിനം റിപ്പോർട്ട് ചെയ്തിട്ടും വേണ്ടത്ര പ്രതിരോധം തീർക്കാൻ സാധികുന്നില്ല എന്നത് പ്രതിസന്ധിയാണ്.