ഇനി ആഘോഷത്തിന്റെ രാവുകൾ; അത്തച്ചമയത്തോടെ ഓണഘോഷത്തിന് ഔദ്യോ​ഗിക തുടക്കം | Trippunithura Athachamayam On September 6th, Know Details in Malayalam Malayalam news - Malayalam Tv9

Onam 2024: ഇനി ആഘോഷത്തിന്റെ രാവുകൾ; അത്തച്ചമയത്തോടെ ഓണഘോഷത്തിന് ഔദ്യോ​ഗിക തുടക്കം

Published: 

06 Sep 2024 00:15 AM

Onam 2024: 1961-ലാണ് ജനകീയ അത്തച്ചമയമുണ്ടായത്. ഇതേ വർഷം കേരള സർക്കാർ ഓണത്തെ സംസ്ഥാനത്തിന്റെ ഉത്സവമായി പ്രഖ്യാപിച്ചു. 50 -ലധികം കലാരൂപങ്ങളാണ് ഇത്തവണത്തെ അത്തച്ചമയത്തിന് മാറ്റുകൂട്ടുക.

Onam 2024: ഇനി ആഘോഷത്തിന്റെ രാവുകൾ; അത്തച്ചമയത്തോടെ ഓണഘോഷത്തിന് ഔദ്യോ​ഗിക തുടക്കം

Image Credits: Kerala Tourism

Follow Us On

കൊച്ചി: കേരളത്തിന്റെ പത്തുനാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത് തൃപ്പൂണിത്തുറയിൽ നിന്നാണ്. മലയാള നാടിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്ന ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്രയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. പാരമ്പര്യവും പ്രൗഢിയും വിളിച്ചോതി രാജവീഥിയിലൂടെ നടക്കുന്ന ദൃശ്യവിരുന്നിന് എന്നും നാടും ന​ഗരവും ഒരുപോലെ കാത്തിരിക്കാറുണ്ട്. തനി നാടൻ കലാരൂപങ്ങൾക്കൊപ്പം മേളത്തിന്റെ അകമ്പടിയോടെയാണ് ഹൃദ്യമായ കലാവിരുന്ന്. നാടൻ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വിസ്മയകാഴ്ച തീർക്കും. നെറ്റിപ്പട്ടം കെട്ടിയ ​ഗജവീരൻമാർ, ശിങ്കാരിമേളം, വിദ്യാർത്ഥികളുടെ കലാരൂപങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. മാവേലി വേഷങ്ങളും കാണാം..അത്തം നാളിൽ അരങ്ങേറുന്ന ഈ വർണ്ണാഭമായ ചടങ്ങോടെയാണ് ഓണാഘോഷങ്ങൾക്ക് ഔദ്യോ​ഗിക തുടക്കമാകുക.

അത്തച്ചമയത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.അത്തം മുതൽ ഉത്രാടം വരെയാണ് തൃപ്പൂണിത്തുറ നഗരസഭയുടെ അത്താഘോഷങ്ങൾ. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഓണഘോഷങ്ങൾക്ക് ആരംഭമായാണ് അത്തം ഘോഷയാത്ര. രാജകീയ അത്തം ഘോഷയാത്രയ്ക്ക് സമാനാമായാണ് ജനകീയ അത്തം ഘോഷയാത്രയും സംഘടിപ്പിച്ചുവരുന്നത്. പഞ്ചവാദ്യം, ചെണ്ടമേളം, തെയ്യം, തിറ, പുലികളി, കാവടിയാട്ടം എന്നിങ്ങനെ 57 കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. പൂർണമായും ഹരിതച്ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ 15 നിശ്ചല ദൃശ്യങ്ങളുമുണ്ട്. സമകാലീന വിഷയങ്ങളും പുരാണത്തിലെ വിവിധ രം​ഗങ്ങളും നിശ്ചല ദൃശ്യമായെത്തും. 1949-ൽ തിരുവിതാംകൂർ- കൊച്ചി നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ചതോടെ രാജകീയ അത്തച്ചമയം ഇല്ലാതായി.

അത്തം ന​ഗറായ ​ഗവ. ബോയ്സ് ഹെെസ്ക്കൂൾ സ്കൂൾ ​​ഗ്രൗണ്ടിൽ ഉയർത്താനുള്ള പതാക ഹിൽപാലസിൽ നിന്ന് ന​ഗരസഭാധ്യക്ഷ  രാജകുടുംബാം​ഗത്തിന്റെ പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങി. രാവിലെ 10-ന് ആരംഭിക്കുന്ന അത്തച്ചമയത്തിന്റെ ഉദ്ഘാടകൻ സ്പീക്കർ എൻ ഷംസീറാണ്. ​ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ് പതാകയുയർത്തും. ഗവ. ബോയ്സ് സ്കൂൾ ​ഗ്രൗണ്ടിന്റെ പടിഞ്ഞാറേ ഭാ​ഗത്തെ ​ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങി ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യൂ ജം​ഗ്ഷൻ, കിഴക്കേക്കോട്ട, എസ്എൻ ജം​ഗ്ഷൻ, വടക്കേക്കോട്ട, പൂർണത്രയീശ ക്ഷേത്രം, സ്റ്റ്യാച്ചൂ ജം​ഗ്ഷൻ വഴി ​ഗ്രൗണ്ടിൽ തന്നെ തിരിച്ചെത്തും.

ചേരരാജക്കൻമാരുടെ കാലത്തുള്ള ആഘോഷമാണിതെന്ന് ഒരു വിഭാ​ഗം വിശ്വസിക്കുന്നു. രാജപ്രൗഢി പ്രകടിപ്പിക്കാൻ വേണ്ടിയാണ് പുരാതന ചേരരാജക്കന്മാർ അത്തച്ചമയം നടത്തിയിരുന്നത്. ചേരരാജ്യ തലസ്ഥാനം തിരുവഞ്ചിക്കുള്ളത്തേക്ക് മാറ്റുന്നതിന് മുമ്പ് തൃക്കാക്കരയിൽ വച്ചാണ് അത്തച്ചമയം നടന്നതെന്ന് പറയപ്പെടുന്നു. എപ്പോൾ എവിടെ അത്തച്ചമയം ആരംഭിച്ചുവെന്നതിന് തെളിവുകളില്ല. രാജഭരണക്കാലത്ത് തുടക്കമിട്ട ഈ ആഘോഷം തൃപ്പൂണിത്തുറയുടെ ഏറ്റവും വലിയ ആഘോഷമാണ്.

ചിങ്ങമാസത്തിലെ അത്തം നാളിൽ കൊച്ചിരാജാവ് സർവ്വാഭരണവിഭൂഷിതനായി സർവ്വസെെന്യത്തോടെ പ്രജകളെ കാണാനെത്തുന്ന വിശേഷ സംഭവമാണ് രാജഭരണ കാലത്തെ അത്തച്ചമയം. 1949-ൽ പരീക്ഷിത്ത് മഹാരാജാവ് എഴുന്നള്ളിയ അത്തച്ചമയമായിരുന്നു അവസാനത്തെ രാജകീയ അത്തച്ചമയം. അത്തം ഘോഷയാത്രയ്ക്ക് മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാകാൻ കരിങ്ങാച്ചിറ കത്തനാറും നെട്ടൂർ തങ്ങൾ എന്നീ മതനേതാക്കളുമുണ്ടാകും. 1961-ലാണ് ജനകീയ അത്തച്ചമയമുണ്ടായത്. ഇതേ വർഷം കേരള സർക്കാർ ഓണത്തെ സംസ്ഥാനത്തിന്റെ ഉത്സവമായി പ്രഖ്യാപിച്ചു.

Related Stories
Wayanad Landslide: ആശുപത്രി കിടക്കയില്‍ ശ്രുതിക്ക് ഒരൊറ്റ ആഗ്രഹം; സാധിച്ചുകൊടുത്ത് എംഎല്‍എ
ADGP M R Ajith Kumar: ഒടുവിൽ വിജിലൻസ് അന്വേഷണം; എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Man Kills Wife: കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; മരുമകളെ വിളിച്ച് പറഞ്ഞ് പോലീസിൽ കീഴടങ്ങി
EY Employee Death : ‘അതിയായ ദുഃഖം; ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും’; അന്നയുടെ മരണത്തിൽ പ്രതികരിച്ച് കമ്പനി
EY Employee Death : ‘എൻ്റെ മോൾ ഒരിക്കലും നോ പറയില്ല, അത് അവർ മുതലെടുത്തു’; ഇവൈ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ പിതാവ്
Hema Committee Report: മൊഴികൾ ​ഗൗരവമുള്ളത്; ഇരകളുടെ വെളിപ്പെടുത്തലുകളിൽ കേസെടുക്കും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണസംഘം നിയമനടപടികളിലേക്ക്
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version