Traffic Law: ബസ് ജീവനക്കാരെ നിയമിക്കാൻ ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം; നടപടി കടുപ്പിക്കാനൊരുങ്ങി മന്ത്രി
Transport Minister K B Ganesh Kumar: ഇനി മുതൽ സ്വകാര്യ ബസുകളിൽ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരെ നിയമിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതും നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജീവനക്കാരെ നിയമിക്കുന്ന നടപടികൾ കർശനമാക്കാനാണ് നീക്കം. അതിനാൽ ജീവനക്കാരെ ഇനി മുതൽ പോലീസ് വേരിഫിക്കേഷന് ശേഷം മാത്രമേ നിയമിക്കാൻ പാടുള്ളൂ.
തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ (K B Ganesh Kumar). സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ ഉൾപ്പെടെയുള്ളവയ്ക്ക് കർശന നടപടി സ്വീകരിക്കാനാണ് നീക്കമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാൽ ഇനി മുതൽ ബസിൽ ജീവനക്കാരെ നിയമിക്കുന്നതിനടക്കമുള്ള നടപടികളിൽ മാറ്റമുണ്ടാകും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച് ഉയരുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനും പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനമായിട്ടുണ്ട്.
സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ആദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൂടാതെ സ്വകാര്യ ബസ് ഇടിച്ച് അപകടം ഉണ്ടായി അതിൽ ആരെങ്കിൽ മരണച്ചാൽ ബസിന്റെ പെർമിറ്റ് ആറ് മാസത്തേയ്ക്ക് റദ്ദാക്കുന്നതടക്കം നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അപകടത്തിൽ ഗുരുതര പരിക്കുണ്ടായാൽ പെർമിറ്റ് മൂന്ന് മാസത്തേയ്ക്കും സസ്‌പെൻഡ് ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള അപകടങ്ങളിൽ ബസ് ഓടിക്കുന്നയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടി ഇനിയും തുടരുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ബസുകൾക്കിടയിൽ മത്സരയോട്ടം സംസ്ഥാനത്ത് വർധിച്ചതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി.
അതേസമയം, ഇനി മുതൽ സ്വകാര്യ ബസുകളിൽ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരെ നിയമിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതും നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജീവനക്കാരെ നിയമിക്കുന്ന നടപടികൾ കർശനമാക്കാനാണ് നീക്കം. അതിനാൽ ജീവനക്കാരെ ഇനി മുതൽ പോലീസ് വേരിഫിക്കേഷന് ശേഷം മാത്രമേ നിയമിക്കാൻ പാടുള്ളൂ. മയക്കുമരുന്ന് കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടില്ലെന്ന് പോലീസ് വേരിഫിക്കേഷനിൽ കണ്ടെത്തി ക്ലിയറൻസ് ലഭിക്കണം. ഇതിന് ശേഷം മാത്രമേ ജീവനക്കാരെ നിയമിക്കാവൂ.
ഇതെല്ലാകൂടാതെ സ്വകാര്യ ബസിലെ ഡ്രൈവിങ് സംബന്ധിച്ച് യാത്രക്കാർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് അറിയിക്കാൻ ഒരു ഫോൺ നമ്പർ പതിപ്പിക്കാനും ഉടമകളോട് മന്ത്രി നിർദ്ദേശിച്ചു. ആരുടെ നമ്പറാണ് നൽകുന്നതെന്ന് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കുകയും വേണം. ആ നമ്പറിലേക്ക് ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കാത്തപക്ഷം പിന്നീട് പതിപ്പിക്കുന്ന നമ്പർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെയാകുമെന്നും മന്ത്രി അറിയിച്ചു.
ബസുകൾക്കിടയിലുള്ള മത്സരയോട്ടം ഒഴിവാക്കുന്നതിനായി ബസുകളെ ജിയോ ടാഗ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി ഉടമകൾക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചു നൽകിയിട്ടുണ്ട്. ഇത് ഉടമകൾ ചെയ്യുന്നില്ലെന്ന് കണ്ടെത്തിയാൽ സർക്കാർ തന്നെ ചെയ്യുന്നതാണ്. ആളുകൾ കുറവാണെന്ന് കാണിച്ച് ട്രിപ്പ് കട്ടുചെയ്യുന്ന ബസുകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.