Drown : കോഴിക്കോട് തിരയില്‍പെട്ട് മരിച്ചത് നാലുപേര്‍, പത്തനംതിട്ടയില്‍ കനാലില്‍ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങള്‍; ജലത്തില്‍ പൊലിഞ്ഞ് ജീവനുകള്‍
Drowning deaths in Kerala : സംസ്ഥാനത്ത് ഇന്ന് വിവിധ സ്ഥലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത് ആറു മുങ്ങിമരണങ്ങള്‍. കോഴിക്കോട് തിരയില്‍പെട്ട് മരിച്ചത് നാല് പേരാണ്. തിക്കോടിയിലാണ് സംഭവം. പത്തനംതിട്ട കിടങ്ങന്നൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കനാലില്‍ കണ്ടെത്തി. കിടങ്ങന്നൂര്‍ വില്ലേജ് പടി ഭാഗത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
സംസ്ഥാനത്ത് ഇന്ന് വിവിധ സ്ഥലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത് ആറു മുങ്ങിമരണങ്ങള്‍. കോഴിക്കോട് തിരയില്‍പെട്ട് മരിച്ചത് നാല് പേരാണ്. തിക്കോടിയിലാണ് സംഭവം. വയനാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളായ. അനീസ (38), ബിനീഷ് (45), വാണി (39), ഫൈസൽ എന്നിവരാണ് മരിച്ചത്. തിക്കോടി ഡ്രൈവിംഗ് ബീച്ചിലാണ് സംഭവം നടന്നത്. അഞ്ച് പേര്‍ തിരയില്‍പെട്ടിരുന്നു. രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കല്‍പറ്റയില്‍ നിന്നുള്ള ഇരുപതിലേറെ പേരടങ്ങുന്ന സംഘമാണ് വിനോദസഞ്ചാരത്തിനെത്തിയത്. കല്‍പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.
കടലിലെ പാറയില്‍ തങ്ങിനില്‍ക്കുന്ന നിലയിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ഇവരോട് കടലില്‍ ഇറങ്ങരുതെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും, എന്നാല്‍ സംഘം കൈകോര്‍ത്ത് കടലിലേക്ക് ഇറങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ബീച്ചില്‍ നല്ല തിരക്കുണ്ടായിരുന്നു. അവധി ദിവസമായതിനാല്‍ ഇവര്‍ കോഴിക്കോട്ടേക്ക് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. രാവിലെ ഏഴോടെയാണ് ഇവര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ജിന്‍സി എന്ന യുവതിയാണ് രക്ഷപ്പെട്ടത്.
കനാലില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം
പത്തനംതിട്ട കിടങ്ങന്നൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കനാലില്‍ കണ്ടെത്തി. പത്തനംതിട്ട കിടങ്ങന്നൂർ നാക്കാലിക്കൽ എസ്‌വിജിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മെഴുവേലി കണിയാംമുക്ക് സൂര്യേന്ദു വീട്ടിൽ അഭിരാജ് (15), കുടുവെട്ടിക്കൽ മഞ്ജുവിലാസത്തിൽ അനന്ദുനാഥ് (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കനാലില്‍ കുളിക്കാനിറങ്ങിയ ഇവരെ ശനിയാഴ്ച ഉച്ചയോടെയാണ് കാണാതായത്.
കിടങ്ങന്നൂര്‍ വില്ലേജ് പടി ഭാഗത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനാലിന്റെ സമീപത്ത് നിന്ന് ഇവരുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. അപകടസ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പൊലീസ്, അഗ്നിശമന സേന, സ്‌കൂബ ടീം എന്നിവര്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തിരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു. സ്‌കൂബാ ടീം അംഗങ്ങളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മുടിവെട്ടാനാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.
കനാലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ടാതാകാം എന്ന് സംശയിക്കുന്നു. നേരം വൈകിയിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കനാലിന് സമീപം വസ്ത്രങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം പിന്നീട് നടക്കും.