Private Bus : ‘കുട്ടികളെ ബസിൽ കയറ്റും, അപമര്യാദയായി പെരുമാറില്ല’; സ്വകാര്യ ബസ് ജീവനക്കാർക്ക് ട്രാഫിക്ക് പോലീസിൻ്റെ ഇംപോസിഷൻ
Private Bus Imposition : വിദ്യാർത്ഥികളെ കയറ്റാൻ തയ്യാറാവാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെക്കൊണ്ട് ഇംപോസിഷൻ എഴുതിച്ച് ട്രാഫിക്ക് പോലീസ്. പത്തനംതിട്ട - ചവറ റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാരെയാണ് ട്രാഫിക്ക് പോലീസ് ശിക്ഷിച്ചത്.
വിദ്യാർത്ഥികളെ കയറ്റാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാരകൊണ്ട് ഇംപോസിഷൻ എഴുതിച്ച് ട്രാഫിക്ക് പോലീസ്. പത്തനംതിട്ട – ചവറ റൂട്ടിൽ ഓടുന്ന ബസിലെ കണ്ടക്ടറെയും ഡ്രൈവറെയുമാണ് ട്രാഫിക്ക് പോലീസ് ഇംപോസിഷൻ നൽകി ശിക്ഷിച്ചത്. ‘സ്കൂൾ- കോളജ് കുട്ടികളെ ബസിൽ കയാറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല’ എന്ന് 100 വട്ടം എഴുതിയ ഇവർ രണ്ടര മണിക്കൂർ സമയമെടുത്താണ് ഇംപോസിഷൻ എഴുതി തീർത്തത്.
Also Read : Rooster : അയൽവാസിയുടെ കോഴി കൂവുന്നത് ഉറക്കം കളയുന്നു; വീട്ടമ്മയുടെ പരാതിയിൽ ഷൊർണൂർ നഗരസഭയിൽ ചർച്ച
പാർഥസാരഥി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു ശിക്ഷയ്ക്ക് വഴിയൊരുക്കിയ സംഭവം. നിർത്തിയിട്ട ബസിൽ കോളജ് വിദ്യാർഥികൾ കയറാനൊരുങ്ങിയപ്പോൾ അവരെ കണ്ടക്ടറും ഡ്രൈവറും തടഞ്ഞു. വിദ്യാർത്ഥികളോട് അടുത്ത ബസിൽ വരാൻ ഇവർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളോട് ഇരുവരും കയർത്ത് സംസാരിക്കുകയും ചെയ്തു. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രാഫിക്ക് പോലീസ് നടപടിയെടുത്തത്.
അടൂർ ട്രാഫിക്ക് എസ്ഐ ജി സുരേഷ് കുമാർ ബസ് കണ്ടെത്തുകയും ജീവനക്കാരെ സ്റ്റേഷനിൽ വിളിച്ച് വരുത്തുകയുമായിരുന്നു. പെറ്റിക്കേസെടുത്താൽ ഇവർ ഇത് വീണ്ടും ആവർത്തിക്കും. അതിനാലാണ് ഇംപോസിഷൻ ശിക്ഷയായി നൽകിയത്. ഇനിയും ആവർത്തിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് എസ്ഐ സുരേഷ് കുമാർ അറിയിച്ചു.