5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NH 544: ചാലക്കുടി – അങ്കമാലി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; ചെറുവാഹനങ്ങൾക്ക് താത്കാലിക പാത

Traffic Control On NH 544: ചാലക്കുടി - അങ്കമാലി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ഏപ്രിൽ അഞ്ച് ശനിയാഴ്ച വൈകിട്ട് നാല് മുതലാണ് ഗതാഗത നിയമം നടപ്പിലാക്കുക.

NH 544: ചാലക്കുടി – അങ്കമാലി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; ചെറുവാഹനങ്ങൾക്ക് താത്കാലിക പാത
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 04 Apr 2025 21:44 PM

ചാലക്കുടി – അങ്കമാലി NH 544 ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടിപ്പാതകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഏപ്രിൽ അഞ്ച് ശനിയാഴ്ച വൈകിട്ട് നാല് മണി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.

ചെറുവാഹനങ്ങൾക്കായി താത്കാലിക പാത ഒരുക്കിയിട്ടുണ്ട്. ട്രാഫിക്ക് ബ്ലോക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് താത്കാലിക പാതയിലൂടെ ചെറുവാഹനങ്ങളെ കടത്തിവിടാൻ തീരുമാനിച്ചത്. തിരക്ക് അധികരിക്കുന്ന സമയത്ത് തിരക്കൊഴിവാക്കുന്നതിനായി രാവിലെ ചാലക്കുടി ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങൾ മുരിങ്ങൂർ അടിപ്പാതയിലേക്ക് പ്രവേശിക്കണം. ഇവിടെനിന്ന് അന്നനാട്, കാടുകുറ്റി, പുളിക്കകടവ്, എരയാംകുടി എന്നീ സ്ഥലങ്ങളിലൂടെ അങ്കമാലിയിലേക്കോ അത്താണിയിലേക്കോ പോകാം.

തിരക്ക് അധികമുള്ള വൈകുന്നേര സമയങ്ങളിൽ അങ്കമാലിയിൽ നിന്നും വരുന്ന വാഹനങ്ങൾ പൊങ്ങത്ത് നിന്ന് വെസ്റ്റ് കൊരട്ടി, വാളൂര്‍, തീരദേശ റോഡ്, കാടുകുറ്റി, അന്നനാട്, മുരിങ്ങൂര്‍ വഴി ചാലക്കുടിയിലേക്ക് പോകാം. ചാലക്കുടിയിൽ നിന്നും അങ്കമാലിയിലേക്ക് പോകുന്ന വാഹനങ്ങൾ മുരിങ്ങൂറിൽ നിന്നും തിരിഞ്ഞ് മേലൂര്‍, പാലമുറി, കോനൂര്‍, നാലുകെട്ട്, എസ് സിഎംഎസി, പാലിശ്ശേരി വഴി കറുകുറ്റിയിലേക്ക് പോകാം. ചാലക്കുടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ഒന്നുകിൽ പോട്ട, ആളൂർ, കൊടകര വഴി പോകാം. അല്ലെങ്കിൽ, നാടുകുന്നിൽ നിന്നും തിരിഞ്ഞ് ചെറുകുന്ന്, ആളൂർ, കൊടകര വഴിയും പോകാം. കൊടകര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഗാന്ധി നഗർ സർവീസ് റോഡ് കയറി വല്ലപ്പാടി കനകമല പനമ്പിള്ളി കോളേജ് റോഡിലൂടെ പോട്ടയിലെത്തി യാത്ര തുടരാം.

സംസ്ഥാനത്ത് മഴ തുടരും
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ ഏപ്രിൽ നാല് വെള്ളിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഏപ്രിൽ അഞ്ചിന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ആറിന് മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.