ടോൾ നിരക്ക് കുറയ്ക്കണമെന്ന് ഹർജി; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി ഹൈക്കോടതി
ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം.
തൃശൂർ: കോൺക്രീറ്റിങ്ങിനായി കുതിരാൻ ഇടതുതുരങ്കം അടച്ചതിനാൽ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ ടോൾ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം. വാണിയമ്പാറ സ്വദേശി ജോർജ് ഫിലിപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
ആറുവരിപ്പാതയിലെ ടോൾ തുകയിൽ 64.6 ശതമാനവും ഈടാക്കുന്നത് തുരങ്കത്തിലൂടെയുള്ള യാത്രക്കാണെന്ന് വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ദേശീയപാത അതോറിറ്റിയിൽനിന്ന് മറുപടി ലഭിച്ചിരുന്നു. ഈ രേഖയുൾപ്പെടെ ഹർജിയിൽ സമർപ്പിച്ചിട്ടുണ്ട്. സർവീസ് റോഡ് പൂർത്തിയാകാത്തത്, ചാൽ നിർമ്മാണത്തിലെ പ്രശ്‌നങ്ങൾ, വഴിവിളക്കുകൾ, നടപ്പാതകൾ, സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയവ ഇല്ലെന്നും ഹർജിയിൽ പറയുന്നു.
ഇക്കാര്യത്തിലും ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ജനുവരിയിലാണ് കോൺക്രീറ്റിങ്ങിനായി ഇടതുതുരങ്കം അടച്ചത്. വലതുതുരങ്കത്തിലൂടെ ഒറ്റവരിയായാണ് ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. യാത്ര സുഗമമല്ലാതായതോടെ ടോൾനിരക്ക് കുറക്കണമെന്ന ആവശ്യമുയർന്നെങ്കിലും ടോൾ കമ്പനി അധികൃതർ പരിഗണിച്ചില്ല.