Tiger Attack in Mananthavady: കടുവ ആക്രമണം; ജനുവരി 27 വരെ നിരോധനാജ്ഞ, മാനന്തവാടിയില്‍ നാളെ ഹര്‍ത്താല്‍
UDF Announced Harthal in Mananthavady on January 25th: വെള്ളിയാഴ്ച രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധ (45) നെ കടുവ കടിച്ച് കൊലപ്പെടുത്തിയത്. തോട്ടം തൊഴിലാളിയായ രാധ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലുള്ള വനത്തില്‍ കാപ്പി പറിക്കാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്.
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നാളെ ഹര്‍ത്താല്‍. മാനന്തവാടി നഗരസഭ പരിധിയില്‍ കോണ്‍ഗ്രസ് ആണ് ജനുവരി 25ന് (ശനിയാഴ്ച) ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസിന് പുറമെ എസ്ഡിപിഐയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരസഭ പരിധിയില്‍ നിന്ന് കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞയുള്ളത്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
വെള്ളിയാഴ്ച രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധ (45) നെ കടുവ കടിച്ച് കൊലപ്പെടുത്തിയത്. തോട്ടം തൊഴിലാളിയായ രാധ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലുള്ള വനത്തില്‍ കാപ്പി പറിക്കാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിന്റെ ഒരു ഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ആറ് മീറ്ററോളം ദൂരം കടുവ മൃതദേഹം വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുണ്ട്. രാധയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
രാധയുടെ കുടുംബത്തിന് സര്‍ക്കാര്‍ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രാധയുടെ ഭര്‍ത്താവ് അച്ഛപ്പന് പുറമെ കുടുംബത്തിലുള്ള ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഒ ആര്‍ കേളു ഉറപ്പുനല്‍കി.
അതേസമയം, നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് ഉത്തരവിടുകയായിരുന്നു. വെടിവെച്ച് കൊല്ലുന്നതിനായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മയക്കുവെടി വെച്ചോ അല്ലെങ്കില്‍ കൂടുവെച്ചോ പിടികൂടാനാണ് നീക്കം. ഇവയ്ക്ക് സാധിക്കില്ലെങ്കില്‍ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ച് കൊല്ലാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവന്റെ ഭാര്യയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ. രാധയ്ക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ട് മിന്നു മണി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. മിന്നു മണിയുടെ അമ്മയുടെ സഹോദരനാണ് രാധയുടെ ഭര്‍ത്താവായ അച്ഛപ്പന്‍.