5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tiger Attack in Mananthavady: മാനന്തവാടിയില്‍ കൊല്ലപ്പെട്ടത് മിന്നുമണിയുടെ ബന്ധു; കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്‌

Cricketer Minnu Mani's Relative Killed in Tiger Attack in Mananthavady: ആക്രമണമുണ്ടായ പ്രദേശത്തും വയനാട് ജില്ലയിലെ വത്തോട് ചേര്‍ന്നുള്ള മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ദ്രുതകര്‍മ സേനയെ നിയോഗിക്കുമെന്നും ഭരണകൂടം അറിയിച്ചു. മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപയെ ചുമതലപ്പെടുത്തി.

Tiger Attack in Mananthavady: മാനന്തവാടിയില്‍ കൊല്ലപ്പെട്ടത് മിന്നുമണിയുടെ ബന്ധു; കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്‌
മിന്നു മണി, കൊല്ലപ്പെട്ട രാധ Image Credit source: Social Media
shiji-mk
Shiji M K | Updated On: 24 Jan 2025 16:51 PM

വയനാട്: മാനന്തവാടിയില്‍ യുവതിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നടപടി. കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശം. ഇതേതുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കടുവയെ വെടിവെച്ച് കൊല്ലുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീവ് പ്രൊസീജിയര്‍ പ്രകാരം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ അല്ലെങ്കില്‍ കൂടുവെച്ചോ പിടികൂടാവുന്നതാണ്. ഇവയ്ക്കുള്ള സാധ്യതയില്ലെങ്കില്‍ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ച് കൊല്ലാനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.

ആക്രമണമുണ്ടായ പ്രദേശത്തും വയനാട് ജില്ലയിലെ വത്തോട് ചേര്‍ന്നുള്ള മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ദ്രുതകര്‍മ സേനയെ നിയോഗിക്കുമെന്നും ഭരണകൂടം അറിയിച്ചു. മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപയെ ചുമതലപ്പെടുത്തി.

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയവ വയനാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി മേഖകളില്‍ പട്രോളിങ് ശക്തമാക്കുമെന്നും വനംവകുപ്പ് മന്ത്രി പറഞ്ഞു.

കടുവയെ നരഭോജി വിഭാത്തില്‍ ഉള്‍പ്പെടുത്തി കൊല്ലുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. ദൗത്യം നിറവേറ്റുന്നതിനായി വെറ്റിനറി ഡോക്ടര്‍മാരും ഷൂട്ടര്‍മാരും സ്ഥലത്തെത്തും. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്നാണ് മന്ത്രി ഒ ആര്‍ കേളു പറഞ്ഞത്.

അതേസമയം, കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവന്റെ ഭാര്യയാണ്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് മിന്നു മണി തന്നെയാണ് രംഗത്തെത്തിയത്. വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണിതെന്ന് മിന്നു മണി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Also Read: Tiger Attack in Mananthavady: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; സ്ഥലത്ത് സംഘർഷാവസ്ഥ

“വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് അല്‍പ്പം മുമ്പ് കേള്‍ക്കാന്‍ കഴിഞ്ഞത്. വയനാട് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായ കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ടത് എന്റെ സ്വന്തം അമ്മാവന്റെ ഭാര്യയാണ്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു,” മിന്നു മണി ഫേസ്ബുക്കില്‍ കുറിച്ചു.

മിന്നു മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മിന്നുവിന്റെ അമ്മയുടെ സഹോദരനായ അയ്യപ്പന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ. വനംവാച്ചറായാണ് അയ്യപ്പന്‍ ജോലി ചെയ്യുന്നത്. അനീഷ, അജീഷ് എന്നിവരാണ് മക്കള്‍. തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കുന്നതിനായി പോകുന്നതിനിടെയാണ് കടുവ പിടിച്ചത്.

ഇതോടെ പ്രദേശത്ത് വലിയ തോതിലുള്ള ജനരോഷം ഉണ്ടായതിനെ തുടര്‍ന്നാണ് കടുവയെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാധയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.