തൃശ്ശൂർപൂരം നിയന്ത്രണം: വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനംമന്ത്രി
തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് നയന്ത്രണത്തിന് ഇളവ് നൽകാൻ നിർബന്ധിതരായി.
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് വനംവകുപ്പ് സർക്കുലർ ഇറക്കിയതോടെ പ്രതിഷേധവുമായി പൂരപ്രേമികളും മറ്റും രംഗത്ത്. തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് നയന്ത്രണത്തിന് ഇളവ് നൽകാൻ നിർബന്ധിതരായി. ആനകളുടെ 50 മീറ്റർ ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തിയിരുന്നു. പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനംമന്ത്രി അറിയിച്ചു. വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
50 മീറ്റര്‍ അകലെ ആളു നില്‍ക്കരുത്.15 ന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. ഇതിനിടെ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്ന് ആന ഉടമ സംഘടന വ്യക്കമാക്കിയതോടെ വിഷയം ചൂടുപിടിക്കുകയായിരുന്നു. പൂരത്തിന്റെ ആവേശത്തിന് മാറ്റുകൂട്ടുന്ന ഘടകങ്ങളിലൊന്നാണ് ആനയെ എഴുന്നള്ളിക്കുന്നത്. ഇതിൽ പ്രധാന ആനയാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ. പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും. മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം.ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.ഇന്നാണ് തൃശ്ശൂർ പൂരം കൊടിയേറുന്നത്.
തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങൾക്കൊപ്പം എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.രാവിലെ 11 നാണു തിരുവമ്പാടിയുടെ കൊടിയേറ്റം. നടുവിലാലിലെ യും നായ്ക്കനാലിനെയും പന്തലുകളിൽ തിരുവമ്പാടി വിഭാഗം കൊടി ഉയർത്തും.11.20 നും 12 15നും ഇടയ്ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം. ക്ഷേത്രത്തിനു മുന്നിലെ പാല മരത്തിലും മണികണ്ഠൻ ആലിലെ ദേശപ്പന്തലിലും ആണ് മഞ്ഞപ്പട്ടിൽ സിംഹമുദ്ര യുള്ള കൊടിക്കൂറ നാട്ടുക.