പൂര ലഹരിയിലേക്ക് തൃശ്ശൂര്‍
തിരുവമ്പാടിക്കും പാറമേക്കാവിനും ഇത്തവണ വെടിക്കെട്ടിന് ഒരാളാണ് നേതൃത്വം നൽകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
തൃശ്ശൂര്‍: ഇലഞ്ഞിത്തറയിൽ ആവേശം കൊട്ടിക്കേറി കുടമാറ്റത്തിൽ വർണങ്ങൾ വിടർന്ന് വെട്ടിക്കെട്ടിൽ മാനം മുട്ടിയ വർണങ്ങളുടെ രസതരംഗംസൃഷ്ടിക്കാൻ ഒരു പൂരം കൂടി വരവായി. ഇന്നലെ മാനത്ത് സാമ്പിൾ നിറങ്ങൾ പൂത്തതോടെ തൃശ്ശൂര്‍ പൂര ലഹരിയിലേക്ക് മാറിക്കഴിഞ്ഞു. പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിൻ കാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ശ്രീമൂലസ്ഥാനത്ത് എത്തും. വടക്കുംനാഥ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് വലം വച്ച് തെക്കേ ഗോപുരം തുറന്ന് പുറത്തേക്കിറങ്ങും. വടക്കുന്നാഥനെ വണങ്ങി അടിയന്തിര മാരാർ ശംഖ് വിളിക്കുന്നതോടെ പൂര വിളംബരം. പിന്നീടുള്ള 36 മണിക്കൂർ നാദ, മേള വർണ്ണ വിസ്മയങ്ങളുടെ വിസ്മയം. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധന ഉച്ചതിരിഞ്ഞ് നടക്കും രണ്ടുമണിയോടെ തേക്കിൻകാട് മൈതാനിയും പാറമേക്കാവും ആനകളെക്കൊണ്ട് നിറയും. പൂരദിവസമായ വെള്ളിയാഴ്ച രാവിലെ മുതൽ ഘടകക്ഷേത്രങ്ങൾ വടക്കുന്നാഥക്ഷേത്രത്തിലേക്കെത്തും. തുടർന്ന് മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങി ഒരിക്കൽക്കൂടി ലോകത്തിനുമുന്നിൽ വിസ്മയച്ചെപ്പ് തുറക്കും.
തിരുവമ്പാടിക്കും പാറമേക്കാവിനും ഇത്തവണ വെടിക്കെട്ടിന് ഒരാളാണ് നേതൃത്വം നൽകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീഷാണിത്. ഇതുകൊണ്ടൊന്നും സാമ്പിൾ ഒളിപ്പിച്ചുവെക്കുന്ന വിസ്മയങ്ങളിൽ കുറവുവന്നില്ല. ഡാൻസിങ് ബട്ടർഫ്ളൈ, മഞ്ഞുമ്മൽ ബോയ്‌സ് തുടങ്ങിയവയാണ് തിരുവമ്പാടി വിഭാഗത്തിന്റെ തുറുപ്പുചീട്ട്. ആകാശത്തെ കുടമാറ്റത്തെയാണ് ഡാൻസിങ് ബട്ടർഫ്ളൈ ഇനത്തിലൂടെ അവതരിപ്പിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സ് നിറങ്ങളുടെ അപൂർവ വൈവിധ്യം കൊണ്ടുവരുന്നതാകുമെന്നും സംഘാടകർ പറയുന്നു. സാമ്പിൾ കൂടുതൽ വർണശബളമാക്കാനുള്ള നീക്കത്തിലാണ് തങ്ങളെന്ന് പാറമേക്കാവ് ദേവസ്വവും പറയുന്നു. ശബ്ദത്തെക്കാൾ വർണഭംഗിക്കായിരിക്കും പ്രാധാന്യമെന്നും ഇവർ കൂട്ടിച്ചേർത്തു. പൂരം സാമ്പിള്‍ വെടിക്കെട്ട് കാരണം ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നു.
അതിനിടെ തൃശ്ശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിഞ്ഞിരുന്നു. വനംവകുപ്പിന്റെ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചതോടെയാണ് പ്രതിസന്ധിക്ക് വിരാമമായത്. പ്രയാസമില്ലാതെ പൂരം നടത്താനാകുമെന്ന് ബന്ധപ്പെട്ടവർക്ക് ഉറപ്പു നൽകി. ഉത്തരവുകളെക്കുറിച്ച് പരിശോധിക്കും. കോടതിവിധിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആയിരിക്കാം ഉത്തരവുകൾക്ക് കാരണമെന്നും ഇക്കാര്യങ്ങളെല്ലാം വനംവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളെ വെറ്ററിനറി ഡോക്ടർമാർക്ക് പുറമെ വനം വകുപ്പിന്റെ വിദഗ്ധ സംഘവും പരിശോധിക്കുമെന്നായിരുന്നു നേരത്തെ വനം വകുപ്പിന്റെ സർക്കുലറിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആന ഉടമകളും രംഗത്തെത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഡ്രോണ്‍, ഹെലിക്യാം എന്നിവയ്ക്ക് നിരോധനമുണ്ട്. ഹെലികോപ്റ്റര്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്കും നിരോധനമുണ്ട്. സ്വരാജ് റൗണ്ടിലും ഇവ ഉപയോഗിക്കരുത്. ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചു. 17 മുതല്‍ 20 വരെയാണ് നിരോധനം. എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ വെടിക്കെട്ട് കാണാന്‍ ആളുകളെ പ്രവേശിപ്പിക്കരുത്. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംബന്ധിച്ച് കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കണം. ഘടകപൂരങ്ങള്‍ സമയക്രമം പാലിക്കണം തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ.