തൃശ്ശൂർ പൂരം അവസാനിച്ചു; ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു
തൃശ്ശൂരിന് ഇത്തവണ ഇരട്ടപ്പൂരത്തിന്റെ ആവേശമായിരുന്നു. ജനസാഗരങ്ങള്‍ ഒഴുകിയെത്തി പകല്‍ മുഴുവന്‍ മേളാവേശത്തിലായി.
തൃശ്ശൂർ: ആഘോഷത്തിമിർപ്പിനു വിരാമമിട്ട് തൃശ്ശൂർ പൂരം അവസാനിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് നീളുന്ന കാത്തിരിപ്പിന് ആരംഭം കുറിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി വിടപറഞ്ഞു. ‘അടുത്ത മേടമാസത്തിലെ പൂരത്തിനു കാണാം’ എന്നു ഭഗവതിമാര്‍ പരസ്‌പരം വാക്കു നല്‍കിയതോടെ ഒന്നരദിവസം നീണ്ടു നിന്ന പൂരങ്ങളുടെ പൂരം അവസാനിച്ചു.
തൃശൂരിന്‍റെ ആകാശത്തെ നിറക്കൂട്ടുകളാക്കി ഇന്ന് പുലര്‍ച്ചെ അരങ്ങേറിയ വെടിക്കെട്ട് പൂരപ്രേമികള്‍ക്ക് ഒരിക്കല്‍ കൂടി ദൃശ്യവിസ്മയത്തിന്‍റെ വിരുന്നൊരുക്കി. മൂന്ന് മണിക്കൂറോളം നീണ്ട വെടിക്കെട്ടിന് തിരുവമ്പാടി വിഭാഗമായിരുന്നു തുടക്കമിട്ടത്. തുടര്‍ന്ന് ചുവപ്പും പച്ചയും മഞ്ഞയും കലര്‍ന്ന വര്‍ണ്ണങ്ങള്‍ തൃശൂരിനെ ഇളക്കി മറിച്ചു. വിദേശികളടക്കം ആയിരങ്ങള്‍ ഇക്കുറിയും വെടിക്കെട്ട് കാണാന്‍ തിങ്ങിനിറഞ്ഞിരുന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ട പൂരാഘോഷങ്ങളുടെ ക്ഷീണം മറന്ന് ആകാശത്ത് നിറക്കൂട്ടുകളായി പൊട്ടിവിടര്‍ന്ന ഓരോ അമിട്ടിനും അവര്‍ ആര്‍ത്തുവിളിച്ചു.
തൃശ്ശൂരിന് ഇത്തവണ ഇരട്ടപ്പൂരത്തിന്റെ ആവേശമായിരുന്നു. ജനസാഗരങ്ങള്‍ ഒഴുകിയെത്തി പകല്‍മുഴുവന്‍ മേളാവേശത്തിലായി. പക്ഷെ, അതിന്റെ മാറ്റുകെടുത്തിക്കൊണ്ടുള്ള പോലീസ് നിയന്ത്രണങ്ങളില്‍ തുടങ്ങിയിരുന്നു തര്‍ക്കങ്ങളും പരിഭവങ്ങളും. പോലീസ് തന്നെ നല്‍കിയ തിരിച്ചറിയില്‍ കാര്‍ഡുള്ളവര്‍ പോലും അവരുടെതന്നെ കാര്‍ക്കശ്യമറിഞ്ഞു. ഒടുവില്‍ രാത്രി നടക്കേണ്ട പൂരം വെടിക്കെട്ട് ചരിത്രത്തിലാദ്യമായി ശനിയാഴ്ച രാവിലെ 7.15- ന് പകല്‍വെളിച്ചത്തില്‍ നടത്തേണ്ടിയും വന്നു. ഇത് പൂരത്തിന്റെ മൊത്തം സൗന്ദര്യത്തെയാണ് അവസാന നിമിഷം ചോര്‍ത്തിക്കളഞ്ഞത്. പൂരവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങളുയര്‍ന്നതോടെ ചരിത്രപ്രസിദ്ധമായ പൂരത്തിന് പാരവെക്കാന്‍ മനഃപൂര്‍വം ചിലര്‍ ശ്രമിച്ചതാണ് നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് ദേവസ്വം പ്രസിസഡന്റിന് പോലും പറയേണ്ടിവന്നു. സമൂഹമാധ്യമങ്ങളിലടക്കം തുടര്‍ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.