Thrissur Pooram: ആരുടെയും പേരില്ലാത്ത എഫ്‌ഐആര്‍; പൂരം കലക്കലില്‍ പോലീസ് കേസെടുത്തു
Thrissur Pooram controversy: പൂരം കലക്കല്‍ വിവാദം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള പുതിയ നടപടി.
തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതില്‍ മൂന്ന് വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് കേസെടുക്കല്‍. പ്രത്യേക അന്വേഷണ സംഘം നല്‍കിയ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
ഗൂഢാലോചനയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മത വിശ്വാസങ്ങളെ അവഹേളിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തി, സര്‍ക്കാരിനെതിരെ യുദ്ധത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുക, ഗൂഢാലോചന എന്നീ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പൂരം കലക്കല്‍ വിവാദം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള പുതിയ നടപടി.
അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരിക്കും പ്രതി പട്ടികയില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുക. പൂരം കലക്കാന്‍ മനപൂര്‍വമായ ശ്രമമുണ്ടായെന്ന് എഫ്‌ഐആറില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടായിരുന്നു നേരത്തെ എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയത്. എന്നാല്‍, എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഡിജിപി സമര്‍പ്പിച്ചു. ഇതോടെ എഡിജിപിയുടെ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാനാകില്ലെന്ന് ക്രൈം ബ്രാഞ്ചിന് നിയമോപദേശം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം.
ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഏഴുപേരാണ് സംഘത്തിലുള്ളത്. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ബിജു വി നായര്‍, ഇന്‍സ്‌പെക്ടറായ ചിത്തരഞ്ജന്‍ ആര്‍ ജയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അതേസമയം, പൂരം കലങ്ങിയില്ലെന്നുള്ള മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ. ബിജെപിക്ക് ജയിക്കാനുള്ള അവസരം നല്‍കുന്നതിനായി പൂരം ബോധപൂര്‍വം കലക്കിയതാണെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍എസ്എസിനെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പുരം കലക്കല്‍ ഒളിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസും വിമര്‍ശനം ഉന്നയിച്ചു.