Thrissur Pooram : തൃശൂർ പൂരവിവാദം : എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിയ്ക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
Thrissur Pooram Controvesy : തൃശൂർ പൂരം പോലീസ് അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എംആർ അജിത് കുമാർ. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഡിജിപിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
തൃശൂർ പൂരവിവാദവുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിയ്ക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം ആരംഭിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനെതിരെ സിപിഐ അടക്കം രംഗത്തെത്തിയിരുന്നു. ആഎഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എംആര്‍ അജിത് കുമാർ വിവാദത്തിലായ സാഹചര്യത്തിലാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
പോലീസ് നടപടിയിൽ തൃശൂർ പൂരം അലങ്കോലമായെന്നായിരുന്നു പരാതി. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് പരിശോധിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവർ ഈ ആവശ്യമുന്നയിച്ചു. ഇതിന് പിന്നാലെയാണ് എംആർ അജിത് കുമാറിനെ അന്വേഷണത്തിന് നിയമിക്കുന്നത്. പോലീസ് റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറും ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും അത് വൈകി.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു തൃശൂർ പൂരം. പൂരത്തിനിടെ പോലീസിൻ്റെ പല നടപടികളും വിവാദമായി. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞ നടപടി വ്യാപകമായി വിമർശിക്കപ്പെട്ടു. പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചതും പൂരനഗരി ബാരിക്ക്കേഡ് കെട്ടി അടച്ചതുമൊക്കെ രാഷ്ട്രീയ വിവാദമായി ഉയർന്നു. തിരുവമ്പാടി ദേവസ്വത്തിൻ്റെ എഴുന്നള്ളിപ്പ് തടഞ്ഞതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവുമൊക്കെ പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവെക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായിരുന്നു. രാത്രിപ്പൂരം കാണാനെത്തിയ പൂര പ്രേമികളെ സ്വരാജ് റൗണ്ടിൽ കടക്കാനനുവദിക്കാതെ പോലീസ് വഴികളടച്ചു. പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂർ വൈകി ഏഴ് മണിയോടെയാണ് നടന്നത്. പകൽ വെളിച്ചത്തിൽ വെടിക്കെട്ട് നടന്നതടക്കം വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചതോടെ ബിജെപിക്ക് വേണ്ടി പൂരം അട്ടിമറിച്ചു എന്ന ആരോപണമുയർന്നു. ഇതിന് പിന്നാലെയാണ് സിപിഐ അടക്കമുള്ളവർ അന്വേഷണം ആവശ്യപ്പെട്ടത്. വിവാദത്തിനൊടുവിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് അങ്കിത് അശോകനെ മാറ്റിയിരുന്നു.