Thrissur Pooram 2025: ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരില്ല; തൃശൂർ പൂരം മികച്ച രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി
Thrissur Pooram 2025 -Pinarayi Vijayan: തൃശൂർ പൂരം മികച്ച രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരില്ലെന്നും വെടിക്കെട്ട് നിയമങ്ങളിലെ ഭേദഗതിയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരാത്ത രീതിയിൽ തൃശൂർ പൂരം മികച്ച രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെടിക്കെട്ടിന് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തിൻ്റെ ഭേദഗതികൾ സംബന്ധിച്ച് ദേവസ്വങ്ങൾ ആശങ്ക അറിയിച്ചിരുന്നു എന്നും ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല എന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
എക്സ്പ്ലോസിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്നതോടെയാണ് തൃശൂർ പൂരം ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളിലെ വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണമുണ്ടായത്. വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്ററെങ്കിലും ദൂരമുണ്ടാവണമെന്നതാണ് ഭേദഗതിയിൽ പ്രധാനപ്പെട്ടത്. കാണികളെ ബാരിക്കേഡിൽ നിന്ന് 100 മീറ്റർ അകലെ നിർത്തണം, വെടിക്കെട്ട് നടത്താൻ ഫെയർ ഡിസ്പ്ലേ ഓപ്പറേറ്ററെയോ അസിസ്റ്റൻ്റിനെയോ നിയമിക്കണം തുടങ്ങി 35 ഭേദഗതികളാണ് ചട്ടങ്ങളിൽ കൊണ്ടുവന്നത്. ഇതിൽ ഇളവ് വേണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഡിസംബറിൽ വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഇരട്ടനീതി വീണ്ടെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് പറഞ്ഞിരുന്നു. സർക്കാരിനും പൗരനും രണ്ട് തരത്തിലുള്ള നിയമം വേണ്ട. ആരാധനാലയങ്ങളിലെ വെടിക്കെട്ട് ചട്ടം സർക്കാർ പരിപാടികളിൽ നടപ്പാക്കണമെന്നും ജസ്റ്റിസ് എസ് ഈശ്വരൻ പറഞ്ഞിരുന്നു. എക്സ്പ്ലോസിവ് ചട്ടത്തിലെ ഭേദഗതിയിലുള്ള നിബന്ധന പാലിച്ചില്ലെന്ന് കാട്ടി പാലക്കാട്ടെ ഒരു ക്ഷേത്രഭാരവാഹികൾ ഹർജി സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിലപാട്.
വെടിക്കെട്ട് നടത്താനായി ഫെയർ ഡിസ്പ്ലേ ഓപ്പറേറ്ററെയോ അസിസ്റ്റൻ്റിനെയോ നിയമിക്കണം. ഇവർ അനുമതി നൽകിയാലേ വെടിക്കെട്ട് ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ. ഈ നിബന്ധന പാലിച്ചില്ലെന്ന കാരണത്താലാണ് പാലക്കാട്ടെ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ ജില്ലാ മജിസ്ട്രേറ്റ് അനുമതി നൽകാതിരുന്നത്. ഇതിനെതിരെ ക്ഷേത്രഭാവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇളവിൻ്റെ കാര്യത്തിൽ സർക്കാരിനെ നിർബന്ധിക്കുന്നിന്നും ഈ നിലപാട് തന്നെ സർക്കാർ പരിപാടികളിലും തുടരണമെന്നും കോടതി പറഞ്ഞു.
പുതിയ ഭേദഗതി പ്രകാരം പെസോയുടെ പരീക്ഷ പാസാകുന്നവർക്കു മാത്രമേ ലൈസൻസി ആകാൻ അനുവാദം ലഭിക്കൂ. ഫയർവർക്സ് ഡിസ്പ്ലേ ഓഫീസർ, അസിസ്റ്റന്റ് ഫയർവർക്സ് ഡിസ്പ്ലേ ഓഫീസർ എന്നിവർ സ്ഥലത്തുണ്ടാവണം. ഇവരും സഹായികളും ചേർന്നാവണം വെടിക്കെട്ടിന് മേൽനോട്ടം വഹിക്കേണ്ടത് എന്നും നിബന്ധനയുണ്ട്.