Cheating Case : തൃശൂരിലെ മണപ്പുറം ഫിനാൻസിൽ നിന്നും 20 കോടി രൂപ തട്ടി; ജീവനക്കാരി മുങ്ങി
Manappuram Finance Woman Staff Cheating Case : 18 വർഷത്തോളമായി ഈ യുവതി ഈ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. കൊല്ലം സ്വദേശിനിയാണ് തട്ടിപ്പ് നടത്തിയ യുവതി
തൃശൂർ : പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിൽ (Manappuram Finance) നിന്നും 20 കോടി രൂപ അസിസ്റ്റൻ്റ് മാനേജർയായ യുവതി തട്ടി. തൃശൂർ വലപ്പാട് ശാഖയിൽ നിന്നും പലപ്പോഴായി പണം തട്ടിയ യുവതി പിടിക്കപ്പെടുമെന്നുറുപ്പായതോടെ കടന്നുകളഞ്ഞു. കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യമോഹനാണ് തട്ടിപ്പ് നടത്തിയത്. 18 വർഷത്തോളമായി ധന്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയാണ്.
വ്യാജ ലോണകുൾ ഉണ്ടാക്കിയെടുത്താണ് യുവതി പണം തട്ടിയത്. കമ്പനിയുടെ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛൻ്റെയും സഹോദരൻ്റെയും വിവിധ അക്കൗണ്ടിലേക്ക് പലപ്പോഴായി ട്രാൻസ്ഫർ ചെയ്താണ് യുവതി 20 കോടി രൂപ തട്ടിയത്. 2019 മുതൽ പലപ്പോഴായിട്ടാണ് വ്യാജ ലോണുകൾ യുവതി സൃഷ്ടിച്ചത്. ഈ തുക ഉപയോഗിച്ച് ധന്യ സ്ഥലവും വീടും മറ്റ് ആഢംബര വസ്തുക്കളും വാങ്ങിയെന്നാണ് കരുതുന്നത്.
പിടിയിലാകുമെന്ന് ഉറപ്പായതോടെ യുവതി സ്ഥാപനത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ച് സ്ഥാപനത്തിൻ്റെ പുറത്തേക്ക് പോയി മറ്റാരുടെയോ കൂടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വലപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനാകാര്യ സ്ഥാപനമാണ് മണപ്പുറം ഫിനാൻസ്. രാജ്യത്തുടനീളമായി 5000ത്തിൽ അധികം ബ്രാഞ്ചുകൾ ഉണ്ട് മണപ്പുറം ഫിനാൻസിന്. വിപി നന്ദകുമാറാണ് ധനകാര്യ സ്ഥാപനത്തിൻ്റെ എംഡിയും സിഇഒയും.