Thrissur Hypnotism: യൂട്യൂബ് നോക്കി പഠിച്ച് ക്ലാസ് മുറിയില്‍ ഹിപ്‌നോട്ടിസം; നാല് വിദ്യാര്‍ഥികള്‍ ബോധരഹിതരായി
Four Students Fainted in Thrissur: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് സ്വയം ഹിപ്‌നോട്ടിസത്തിന് വിധേയമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്വാസം പുറത്തുവിടാതെ പരമാവധി സമയം കുനിഞ്ഞ് നിന്നും കഴുത്തിന്റെ ഇരുഭാഗത്തുമുള്ള ഞരമ്പുകളില്‍ മുറുക്കിപ്പിടിച്ചുമാണ് ഇവര്‍ പരീക്ഷണം നടത്തിയത്.
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ യൂട്യൂബ് നോക്കി പഠിച്ച് ഹിപ്‌നോട്ടിസം ചെയ്യാന്‍ ശ്രമിച്ച നാല് വിദ്യാര്‍ഥികള്‍ ബോധരഹിതരായി. പുല്ലൂറ്റ് വി കെ രാജന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ബോധംകെട്ട് വീണത്. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ ഹിപ്‌നോട്ടിസം സ്വയം പരീക്ഷിച്ച് നോക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് സ്വയം ഹിപ്‌നോട്ടിസത്തിന് വിധേയമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്വാസം പുറത്തുവിടാതെ പരമാവധി സമയം കുനിഞ്ഞ് നിന്നും കഴുത്തിന്റെ ഇരുഭാഗത്തുമുള്ള ഞരമ്പുകളില്‍ മുറുക്കിപ്പിടിച്ചുമാണ് ഇവര്‍ പരീക്ഷണം നടത്തിയത്.
സംഭവം കണ്ടുനിന്ന മൂന്ന് കുട്ടികളാണ് ആദ്യം ബോധരഹിതരായത്. ഇവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സ്വയം കഴുത്തില്‍ ഞെക്കിപ്പിടിച്ച പെണ്‍കുട്ടിയും ബോധംകെട്ട് വീണു. ആദ്യം കുഴഞ്ഞുവീണ വിദ്യാര്‍ഥികള്‍ക്ക് സ്വയം ഹിപ്‌നോട്ടിസം ചെയ്യുന്നത് കണ്ടതിന്റെ മാനസിക സമ്മര്‍ദം താങ്ങാനായില്ലെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.
മറ്റ് വിദ്യാര്‍ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപികയും സ്‌കൂളില്‍ സംഭവ സമയത്തുണ്ടായിരുന്ന പിടിഎ പ്രസിഡന്റും അധ്യാപകരും ക്ലാസ് മുറിയിലേക്കെത്തുന്നത്. ഇവര്‍ കുട്ടികളെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചു.
നിരീക്ഷണത്തില്‍ കഴിഞ്ഞ മറ്റൊരു വിദ്യാര്‍ഥിയെ വൈകീട്ടോടെ വീട്ടിലേക്ക് അയച്ചു. അധ്യാപകര്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് ക്ലാസ് മുറിയില്‍ സംഭവം നടന്നതെന്ന് പ്രധാനാധ്യാപിക വ്യക്തമാക്കി. സംഭവം ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ പിടിഎ മീറ്റിങ് വിളിച്ചിട്ടുണ്ട്.
ഹിപ്‌നോട്ടിസം
ഹിപ്‌നോസിസ് എന്നത് മാനസിക ഏകാഗ്രതയുടെ ഒരു അവസ്ഥയാണ്. നമ്മള്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ ചുറ്റുപ്പാടിനെ കുറിച്ചുള്ള ബോധം കുറയുന്നു. സിനിമ കാണുമ്പോഴും പുസ്തകം വായിക്കുമ്പോഴുമെല്ലാം സംഭവിക്കുന്നത് ഇതാണ്. ഈ സാഹചര്യത്തില്‍ മനസിന്റെ പ്രേരണകള്‍ കൂടുതല്‍ സ്വീകാര്യമാകുന്നുണ്ട്.
ഒരു വ്യക്തിയെ അവരുടെ ചുറ്റുപാടുകള്‍ മറന്നുള്ള ഏകാന്തതയിലേക്ക് നയിച്ച് ഗുണകരമായ പ്രേരണകള്‍ നല്‍കുകയാണ് ഹിപ്‌നോട്ടിസ്റ്റ് ചെയ്യുന്നത്. ഹിപ്‌നോട്ടിസ്റ്റ് എന്നത് ഒരു സഹായി മാത്രമാണ്. ഒരിക്കലും ഹിപ്‌നോട്ടിസത്തിന് വിധേയമാകുന്ന വ്യക്തിയുടെ സമ്മതമില്ലാതെ അത് സാധ്യമാകില്ല. ഇതില്‍ നിര്‍ദേശങ്ങള്‍ക്ക് വിധേയനാകുന്ന വ്യക്തിയില്‍ വിധേയത്വം വര്‍ധിക്കുകയും അതിനാല്‍ നിര്‍ദേശങ്ങളെല്ലാം അനുഭവമായി തോന്നുകയും ചെയ്യും. ഹിപ്‌നോട്ടിസം രോഗങ്ങളുടെ ഒറ്റമൂലിയല്ല.