Thrissur GST Raid : തൃശൂരിൽ ജിഎസ്ടിയുടെ ‘ടോറെ ഡെൽ ഓറേ’ ഓപ്പറേഷൻ; 120 കിലോ സ്വർണം പിടികൂടി
Thrissur GST Gold Raid : 700 അധികം ഉദ്യോഗസ്ഥരെ അണിനിരത്തിയുള്ള വ്യാപക റെയ്ഡാണ് ജിഎസ്ടി വകുപ്പ് സംഘടിപ്പിക്കുന്നത്. സ്വർണ നിർമാണ കേന്ദ്രങ്ങളിലും ആഭരണശാലകളിലും കടകളിലുമായിട്ടാണ് റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്.
തൃശൂർ : ജിഎസ്ടി വകുപ്പ് സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡ് (GST Raid In Thrissur) തൃശൂരിൽ പുരോഗമിക്കുന്നു. ഇന്നലെ ഒക്ടോബർ 23-ാം തീയതി ഉച്ചയോടെ ആരംഭിച്ച ഇിഎസ്ടി ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പരിശോധന ഇപ്പോഴും തൃശൂർ നഗരത്തിൽ തുടരുകയാണ്. നഗരത്തിലെ സ്വർണം നിർമാണ കേന്ദ്രങ്ങൾ, കടകൾ, ആഭരണശാലകൾ എന്നിവടങ്ങളിൽ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ഇവിടങ്ങളിൽ നിന്നും ഇതുവരെ കണക്കിൽപെടാത 120 കിലോയിൽ അധികം സ്വർണം പിടിച്ചെടുത്തു. കൂടാതെ അഞ്ച് കൊല്ലത്തെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയാതായി ജിഎസ്ടി ഇൻ്റലിജൻസ് ഡെപ്യൂട്ടി കമ്മീഷ്ണർ ദിനേശ് കുമാർ അറിയിച്ചു.
74 കേന്ദ്രങ്ങളിലായി 700 ഓളം ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് നഗരത്തിൽ പരിശോധന സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ജിഎസ്ടി നടത്തുന്ന ഏറ്റവും വലിയ ഓപ്പറേഷന് ‘ടോറെ ഡെൽ ഓറോ’ എന്ന പേരാണ് നൽകിയിരിക്കുന്നത്. സ്പെയിനിലെ ചരിത്രസ്മാരകമായ സ്വർണഗോപൂരത്തിൻ്റെ പേരാണ് ടോറെ ഡെൽ ഓറോ. ഇന്നലെ ബുധാനാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധന രാത്രി ഏറെ വൈകിയും നീണ്ട് ഇന്ന് വ്യാഴാഴ്ചയും തുടരുകയാണ്. ആഭരണശാലകളുടെ ഉടമകളുടെ വീടുകളും റെയ്ഡ് സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാന ജിഎസ്ടി സ്പെഷ്യൽ കമ്മീഷ്ണർ റൺ എബ്രാഹിൻ്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഉല്ലാസ യാത്ര, ക്ഷേത്ര ദർശനം, ജിഎസ്ടി പരിശീലനം എന്നിങ്ങിനെ മറ്റ് കാരണങ്ങൾ പറഞ്ഞാണ് സംസ്ഥാനത്തെ 700 ഓളം ഉദ്യോഗസ്ഥരെ തൃശൂരിൽ എത്തിച്ച് ഈ വമ്പൻ റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്. നഗരത്തിൽ ഹോൾസെയിൽ വ്യാപാര കേന്ദ്രങ്ങളെ പ്രധാനമായും ലക്ഷ്യവെച്ചാണ് പരിശോധന.