VR Krishna Teja: പവൻ കല്യാൺ ടീമിലേക്ക് തൃശ്ശൂർ ജില്ലാ കളക്ടറും; ഡെപ്യൂട്ടേഷൻ ഉത്തരവ് ഉടൻ?
Thrissur District Collector V R Krishna Teja: 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായി സേവന മനുഷ്ടിച്ച കാലത്താണ് ജനപ്രിയ പദ്ധതികളിലും, ഇടപെടലുകളും വഴി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
തൃശ്ശൂർ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ ടീമിലേക്ക് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും. തൃശ്ശൂർ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജയെ ആണ് ഓഫീസര്‍ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എന്ന തസ്തികയിൽ നിയോഗിച്ചേക്കുക എന്ന് ടിവി9 തെലുങ്ക് റിപ്പോർട്ട് ചെയ്യുന്നു. ഡെപ്യൂട്ടേഷനിലായിരിക്കും നിയമനം. വിഷയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെയും പരിഗണനയിലാണെന്ന് വിവിധ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കൃഷ്ണ തേജ. ആലപ്പുഴ ജില്ലാ കളക്ടറായി സേവന മനുഷ്ടിച്ച കാലത്താണ് ജനപ്രിയ പദ്ധതികളിലും, ഇടപെടലുകളും വഴി സാമൂഹിക മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയത്.
ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയാണ് കൃഷ്ണ തേജ. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ്. സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ട് അനുഭവിച്ച ബാല്യത്തെ പറ്റി പല അഭിമുഖങ്ങളിലും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഗുണ്ടൂർ ചിലകലൂരിപേട്ടയിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 2009-ൽ നരസറാവു പേട്ട കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ബിരുദം നേടി. ആലപ്പുഴ ജില്ലാ കളക്ടറായും കെടിഡിസി മാനേജിങ് ഡയറക്ടർ, ടൂറിസം വകുപ്പ് ഡയറക്ടർ എന്നീ നിലകളിലും, പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് തൃശ്ശൂരിൽ അസിസ്റ്റൻ്റ് കളക്ടറായിരുന്നിട്ടുണ്ട്.
കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് കൃഷ്ണ തേജയ്ക്ക് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ പുരസ്കാരം ലഭിച്ചിരുന്നു. ഈ അവസരത്തിൽ പവൻ കല്യാൺ അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിലെ പ്രളയകാലത്ത് അദ്ദേഹം നടത്തിയ മുൻകൈ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു. അന്ന് ആലപ്പുഴ ജില്ലയിലെ സബ് കളക്ടറായിരുന്നു കൃഷ്ണ തേജ. പിന്നീട് കേരള ടൂറിസം വകുപ്പിൻ്റെ ഡയറക്ടറായി നിയമിതനായി. പിന്നീട് തൃശൂർ ജില്ലാ കളക്ടറായി ചുമതലയേറ്റു.
അതേസമയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൃഷ്ണ തേജ സെക്രട്ടേറിയേറ്റിൽ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ടോ മൂന്നോ ഐഎഎസുകാരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഡെപ്യൂട്ടേഷനിൽ എത്തിച്ചേക്കുമെന്നാണ് സൂചന ഇവർക്കൊപ്പം കൃഷ്ണ തേജയെയും വിളിപ്പിച്ചേക്കും.
വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം ആരായാൻ ടിവി-9 മലയാളം കളക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നെങ്കിലും നിലവിൽ അദ്ദേഹം സ്വദേശമായ ആന്ധ്രയിലാണെന്നാണ് ലഭിച്ച മറുപടി.