5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

തൃശൂര്‍ കമ്മീഷണറെ സ്ഥലം മാറ്റും; അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെയും നടപടി

തൃശൂര്‍ പൂരത്തിനിടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ സംബന്ധിച്ച് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തൃശൂര്‍ കമ്മീഷണറെ സ്ഥലം മാറ്റും; അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെയും നടപടി
shiji-mk
Shiji M K | Published: 22 Apr 2024 09:09 AM

തൃശൂര്‍: തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റും. തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. അങ്കിതിന് പകരം നിയമിക്കാനുള്ള ആളുടെ പട്ടിക സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

സര്‍ക്കാര്‍ കൊടുത്ത പട്ടികയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരാളെ നിയമിച്ചാല്‍ സ്ഥലം മാറ്റ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനേയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, തൃശൂര്‍ പൂരത്തിനിടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ സംബന്ധിച്ച് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് പരാതികള്‍ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പരാതികള്‍ ഡിജിപിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരം സംബന്ധിച്ച് നേരത്തെ ഒന്നരണ്ട് ഘട്ടങ്ങളില്‍ ഇടപെടാന്‍ തനിക്ക് സാധിച്ചിരുന്നു. അത് തെരഞ്ഞെടുപ്പ് സമയമായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇതിലൊക്കെ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ട്. അന്ന് ഇടപെട്ട് നല്ല ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.

തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയപ്പോള്‍ ദേവസ്വം ഭാരവാഹികള്‍ വന്നുകണ്ടിരുന്നു. പൂരദിവസം അവിടെ എത്താന്‍ ക്ഷണിച്ചിരുന്നു. അന്ന് കോഴിക്കോട് പോകുന്നതിനാല്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. നല്ല രീതിയില്‍ സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തത്.

പൂരത്തിന് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഗൗരവമായ പരാതി അതുമായ ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുണ്ട്. അതിലൊന്ന് ദേവസ്വം ഉന്നയിച്ച പരാതിയാണ്. മാധ്യമപ്രവര്‍ത്തകരുടെ നേരെ ശരിയല്ലാത്ത നില സ്വീകരിച്ചു എന്നൊരു പരാതിയുമുണ്ട്. അത്തരം പരാതികളെ പറ്റി ഡിജിപിയോട് കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗൗരമായി തന്നെയാണ് വിഷയത്ത് കാണുന്നത്. അന്വേഷണം നടക്കട്ടെ തുടര്‍ന്ന് എന്തോണോ വേണ്ടത് ആ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിര്‍ദേശം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കമ്മിറ്റിക്കാരെ വെടിക്കെട്ട് നടക്കുന്നിടത്തേക്ക് കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാല്‍, നടുവിലാല്‍ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ റോഡ് അടച്ച് പോലീസ് ആളുകളെ തടഞ്ഞതും തര്‍ക്കത്തിനിടയാക്കിയിരുന്നു.

ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണര്‍ അങ്കിത് അശോകും ദേശക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.വെടിക്കെട്ടിന് പോലീസ് രാജെന്ന് തിരുവമ്പാടി വിഭാഗം ആരോപിച്ച് രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിര്‍ത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.