Train Accident: തൃശൂരിൽ ട്രെയിനിൻ്റെ എൻജിനും ബോഗിയും വേർപെട്ടു; ആളപായമില്ല
Thrissur Train Accident: എറണാകുളം ടാറ്റാ നഗർ എക്‌സ്പ്രസ് ട്രെയിനിന്റെ എൻജിനാണ് ബോഗിയിൽ നിന്ന് വേർപ്പെട്ടുപോയത്. ട്രെയിനിന് വേഗം കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ (Train Accident) എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിൽ രാവിലെ പത്തു മണിയോടെയാണ് സംഭവം. എറണാകുളം ടാറ്റാ നഗർ എക്‌സ്പ്രസ് ട്രെയിനിന്റെ എൻജിനാണ് ബോഗിയിൽ നിന്ന് വേർപ്പെട്ടുപോയത്. ട്രെയിനിന് വേഗം കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
സിഎംഡബ്ല്യു ഷോർണൂർ സ്റ്റാഫ് അംഗങ്ങളും ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും, മെക്കാനിക്കൽ വിഭാഗവും, റെയിൽവേ കേരള പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മണിക്കൂറിനു ശേഷം ട്രെയിന്റെ വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിക്കുകയും പിന്നീട് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
ബോഗിയും എൻജിനും വേർപെടാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചു.