Thrissur ATM Robbery: ആദ്യം ആക്സിഡന്റ്; പിന്നാലെ സിനിമാ സ്റ്റൈൽ ചേസും ഏറ്റുമുട്ടലും; പ്രതികളെ പോലീസ് പിടികൂടിയത് ഇങ്ങനെ

ATM Robbery Cinema Style Chase and Shootout : തൃശൂരിലെ എടിഎം കവർച്ചാസംഘത്തെ പോലീസ് പിടികൂടിയത് സിനിമാ സ്റ്റൈൽ ചേസിനും ഏറ്റുമുട്ടലിനും ശേഷം. തൃശൂരിലെ മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷത്തോളം രൂപ കവർന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്.

Thrissur ATM Robbery: ആദ്യം ആക്സിഡന്റ്; പിന്നാലെ സിനിമാ സ്റ്റൈൽ ചേസും ഏറ്റുമുട്ടലും; പ്രതികളെ പോലീസ് പിടികൂടിയത് ഇങ്ങനെ

തൃശൂർ എടിഎം കവർച്ച (Image Courtesy - Social Media)

Published: 

27 Sep 2024 15:46 PM

തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘത്തെ തമിഴ്നാട് നാമക്കൽ പോലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിൽ. കവർച്ചക്കാർ സഞ്ചരിച്ച വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചതാണ് നിർണായകമായത്. തുടരെ വാഹനങ്ങളിൽ ഇടിച്ചെങ്കിലും നിർത്താതെ പോകുന്ന വാഹനത്തെപ്പറ്റി നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ സാഹസിക നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. വെടിവെപ്പിൽ ഒരു പ്രതി കൊല്ലപ്പെടുകയും ചെയ്തു.

Also Read : Thrissur ATM Robbery: തൃശൂരിലെ എടിഎം കവർച്ച; ഏഴം​ഗ സംഘം പിടിയിൽ; പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു

തൃശൂരിലെ മൂന്ന് എടിഎമ്മുകളിൽ നിന്ന് 65 ലക്ഷത്തോളം രൂപ കവർന്നതിന് ശേഷം കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കവർച്ചയാണിതെന്നാണ് വ്യക്തമാവുന്നത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നിലും നാലിനും ഇടയിലാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീനുകൾ തകർത്ത് ഇവർ പണം മോഷ്ടിച്ചത്. മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എടിഎം കൗണ്ടറുകളായിരുന്നു ഇവർ മോഷണത്തിനായി തിരഞ്ഞെടുത്തത്. ഇത് കൃത്യമായ ആസൂത്രണമായിരുന്നു. കേസന്വേഷണത്തിൻ്റെ തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ഇതിൻ്റെ ലക്ഷ്യം. സിസിടിവി ക്യാമറകൾ ഇല്ലാത്ത എടിഎമ്മുകൾ തിരഞ്ഞെടുത്തതോടെ അവിടെയും മോഷ്ടാക്കൾക്ക് ഒരു പടി കടന്ന് ചിന്തിക്കാനായി. കഴിഞ്ഞ ദിവസമാണ് ഈ എടിഎം കൗണ്ടറുകളിൽ പണം നിറച്ചത്. അധികം തിരക്കില്ലാത്ത എടിഎമ്മുകളായതിനാൽ ഇവിടെനിന്ന് അധികം പണം പിൻവലിക്കപ്പെട്ടിരുന്നില്ല. ഇതും ആസൂത്രിതമായിരുന്നു.

കവർച്ചയ്ക്ക് തിരഞ്ഞെടുത്ത സമയവും പ്രധാനമായിരുന്നു. എടിഎം തകർക്കുമ്പോൾ സുരക്ഷാ അലാറം മുഴങ്ങുകയും ഈ വിവരം ബാങ്ക് അധികൃതർക്കും പോലീസിനും ലഭിക്കുകയും ചെയ്യും. മോഷ്ടാക്കൾ തിരഞ്ഞെടുത്ത എടിഎമ്മുകളിൽ കവർച്ചാവിവരം ലഭിച്ച് പോലീസ് സ്ഥലത്തെത്താൻ പത്ത് മിനിട്ടോളം സമയമെടുക്കും. ഇതും മോഷ്ടാക്കൾ കണക്കുകൂട്ടിയിരുന്നു. വ്യത്യസ്ത പോലീസ് സ്റ്റേഷൻ പരിധി ആയതിനാൽ കവർച്ച പരസ്പര ബന്ധമുള്ളതാണെന്ന് കണ്ടെത്താൻ വൈകും. ഇങ്ങനെ സാധ്യമായ എല്ലാ രീതിയിലും ആസൂത്രണം നടത്തിയാണ് മോഷ്ടാക്കൾ കവർച്ചനടത്തൊയത്. കവർചയെപ്പറ്റി അറിഞ്ഞതോടെ കേരള പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അതിർത്തികളിൽ കനത്ത പരിശോധനയും പോലീസ് നടത്തിയിരുന്നു. എന്നാൽ, ഈ സമയത്ത് ആദ്യം സഞ്ചരിച്ചിരുന്ന കാർ കണ്ടെയിനറിയിലേക്ക് മാറ്റിയ മോഷ്ടാക്കൾ അതിർത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു. എസ്കെ ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ അതിർത്തികടന്നത്.

അതിർത്തി കടക്കുന്നത് വരെ പ്ലാൻ കൃത്യമായിരുന്നു. എന്നാൽ, അതിർത്തികടന്ന് തമിഴ്നാട് നാമക്കലിൽ എത്തിയതോടെ പദ്ധതികൾ പാളാൻ തുടങ്ങി. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളെ ആദ്യം കണ്ടെയ്നർ ലോറി തട്ടി. പിന്നാലെ രണ്ട് കാറുകളിലും നാല് ഇരുചക്രവാഹനങ്ങളിലും ഈ കണ്ടെയ്നർ ഇടിച്ചു. ഇടിച്ച വാഹനം നിർത്താതെ, അതിവേഗം കടന്നുപോയതോടെ വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചു. പിന്നാലെ നാമക്കൽ പോലീസ് സ്ഥലത്തെത്തി. അതിവേഗം പായുന്ന കണ്ടെയ്നറെ സിനിമാ സ്റ്റൈലിൽ ചെയ്സ് ചെയ്ത പോലീസ് ഒടുവിൽ പല ഭാഗങ്ങളിൽ നിന്നായി വാഹനത്തെ വളഞ്ഞു. ബൈക്കുകളിലും ജീപ്പുകളിലുമൊക്കെയായിരുന്നു പോലീസിൻ്റെ ചേസിങ്. ലോറിക്ക് കുറുകെ നിർത്തിയ പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാൻ കണ്ടെയ്നർ ഡ്രൈവർ ശ്രമിച്ചെങ്കിലും ലോറിക്ക് നേരെ പോലീസുകാർ കല്ലെറിഞ്ഞു. ഇതോടെ വാഹനത്തിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് കണ്ടെയ്നർ തുറന്ന് പരിശോധിച്ചതോടെ കവർച്ചസംഘത്തെ അതിനുള്ളിൽ കണ്ടെത്തി. മോഷ്ടിച്ച പണവും ആയുധങ്ങളുമൊക്കെ ഈ കണ്ടെയ്നറിലായിരുന്നു. പോലീസ് കണ്ടെയ്നർ തുറന്നതോടെ പ്രതികൾ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെയാണ് പോലീസ് തിരികെ വെടിവച്ചത്. ഈ വെടിവെപ്പിൽ പ്രതികളിലൊരാൾ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Also Read : Thrissur ATM Robbery: തൃശൂരിൽ വൻ എടിഎം കൊള്ള; പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് സൂചന, സംഭവം പുലർച്ചെ

ഹരിയാന – രാജസ്ഥാൻ അതിർത്തി ജില്ലയായ നൂഹിൽ നിന്നുള്ളവരാണ് കവർച്ചാസംഘം. ഏഴംഗ സംഘമാണ് കവർച്ചക്കെത്തിയത്. മുൻപും ഇവർ ഇത്തരത്തിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മുൻപ് ഇവർ തന്നെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ സമാനമായ കവർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. അന്നും കണ്ടെയ്നർ ലോറി ഉപയോഗിച്ച് അതിർത്തികടന്നാണ് ഇവർ രക്ഷപ്പെട്ടത്. ഇക്കാര്യം കേരള പോലീസ് തമിഴ്നാട് പോലീസിനെ അറിയിച്ചിരുന്നു.

20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍