Thrissur ATM Robbery: തൃശൂരിലെ എടിഎം കവർച്ച; ഏഴംഗ സംഘം പിടിയിൽ; പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു
ATM Robbery: തമിഴ്നാട് പൊലീസ് ലോറി വളഞ്ഞിട്ട് പ്രതികളെ പിടികൂടുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രക്ഷപെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
തൃശൂർ: ഇന്ന് പുലർച്ചെ തൃശൂരിലെ മൂന്ന് എസ്ബിഐ എടിഎമ്മുകളിൽ കവർച്ച നടത്തിയ സംഘം പിടിയിൽ. ഹരിയാന സ്വദേശികളാണ് തമിഴ്നാട് നാമക്കലിന് സമീപം പൊലീസിന്റെ പിടിയിലായത്. കവർച്ച സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പ്രതികളിൽ ഒരാൾ വെടിയേറ്റു മരിച്ചു. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും ഗുരുതരപരിക്കേറ്റു. കണ്ടെയിനർ ലോറിക്ക് അകത്ത് നിന്ന് എടിഎം കൊള്ളയടിച്ച രൂപയും കണ്ടെടുത്തു. എസ്കെ ലോജിസ്റ്റിക്സിന്റെ കണ്ടെയ്നറിൽ പണവുമായി ശ്രമിക്കുന്നതിനിടെയാണ് ഏഴംഗ സംഘം പൊലീസിന്റെ വലയിലായത്. വെടിയേറ്റ ആളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബാക്കി ആറു പേരും പൊലീസ് കസ്റ്റഡിയിലാണ്.
മോഷണത്തിനായി ഉപയോഗിച്ച വെള്ള ക്രെയ്റ്റ കാർ കണ്ടെയ്നർ ലോറിയിൽ ഉണ്ടെന്നാണ് വിവരം. പണവുമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികൾക്ക് വിനയായത്. അപകട ശേഷം ലോറി തമിഴ്നാട് പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പൊലീസ് ലോറി വളഞ്ഞിട്ട് പ്രതികളെ പിടികൂടുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രക്ഷപെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചത്.
മാപ്രാണത്ത് നിന്ന് 30 ലക്ഷവും കോലാഴിയിൽ നിന്ന് 25 ലക്ഷവും സംഘം കൊള്ളയടിച്ചെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഷൊർണൂർ റോഡ് എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നാണ് സൂചന. എന്നാൽ ഔദ്യോഗികമായി എത്ര ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് അധികാരികൾ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകൾ എടിഎമ്മിൽ അധികൃതർ നിറയ്ക്കുന്നത് കവർച്ചാ സംഘം കണ്ടിരിക്കാം എന്ന വിലയിരുത്തലിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകൾ എടിഎമ്മിൽ അധികൃതർ നിറയ്ക്കുന്നത് കവർച്ചാ സംഘം കണ്ടിരിക്കാം എന്ന വിലയിരുത്തലിലാണ് പൊലീസ്. കവർച്ച നടത്തിയ എടിഎമ്മുകൾക്ക് മുമ്പിലെ സിസിടിവി ക്യാമറകൾക്ക് മേൽ കറുപ്പ് നിറത്തിലുള്ള പെയിന്റ് അടിക്കുകയും സെക്യൂരിറ്റി അലാറമടക്കം പ്രതികൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷൻ പരിധിയാണ് കവർച്ച നടന്നത്. പ്രതികൾ എടിഎം തകർത്തതോടെ ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശം എത്തിയിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.