Perinthalmanna Students Fight: പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം; പെരിന്തൽമണ്ണയിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു
Three Students Stabbed in Perinthalmanna: സംഘർഷത്തിൽ കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു. പെരിന്തൽമണ്ണ താഴേക്കാട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളും മലയാളം മീഡിയം വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളും മലയാളം മീഡിയം വിദ്യാർത്ഥികളും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇതിൽ സസ്‌പെൻഷൻ ലഭിച്ചിരുന്ന വിദ്യാർത്ഥി പരീക്ഷ എഴുതാൻ വെള്ളിയാഴ്ച സ്‌കൂളിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. സസ്പെൻഷൻ ലഭിച്ച ഈ വിദ്യാർത്ഥി പരീക്ഷ എഴുതാൻ മാത്രമാണ് സ്‌കൂളിൽ എത്തിയിരുന്നത്.
ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ ശേഷം മൂർച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് ഈ വിദ്യാർത്ഥി മറ്റ് മൂന്ന് കുട്ടികളെയും കുത്തി പരിക്കേലിപ്പിക്കുകയായിരുന്നു. നേരത്തെ ആക്രമണ സ്വഭാവം കാണിച്ച ഈ വിദ്യാർത്ഥിക്ക് പോലീസ് താക്കീത് നൽകിയിരുന്നതായാണ് വിവരം.
നാദാപുരത്ത് പ്ലസ് വൺ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ആക്രമണം
കോഴിക്കോട് നാദാപുരം പേരോട് എംഐആം എച്ച്എച്ച്എസ് സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വടിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ആരോപിച്ചാണ് സീനിയർ വിദ്യാർഥികൾ ആൺകുട്ടിയെ മർദിച്ചത്. തലപിടിച്ച് ചുമരിലടിച്ചെന്നും മർദിച്ചെന്നുമാണ് വിദ്യാർത്ഥി നൽകിയ പരാതി. സംഭവത്തിൽ നാല് വിദ്യാർഥികൾക്കെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരീക്ഷ എഴുതാൻ സ്‌കൂളിൽ എത്തിയ പ്ലസ് വൺ വിദ്യാർഥിയെ ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്നും താടി വടിച്ചില്ലെന്നും പറഞ്ഞ് സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്തു. പിന്നീട് ഇത് വാക്കുതർക്കത്തിലേക്കെത്തി. തുടർന്ന് വിദ്യാർഥിയുടെ കൈകൾ പിന്നിലേക്ക് പിടിച്ചുവച്ച് സീനിയർ വിദ്യാർഥികൾ മർദിച്ചെന്നും തലപിടിച്ച് ചുമരിലിടിച്ച് പരിക്കേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നാല് വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു. പരീക്ഷ സമയമായതിനാൽ കൂടുതൽ നടപടികളിലേക്ക് കടന്നിട്ടില്ലെന്നും പരീക്ഷകൾ പൂർത്തിയായ ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് വ്യക്തമാക്കി.