പൊറോട്ടയ്ക്കൊപ്പം നൽകിയ ഗ്രേവി കുറഞ്ഞുപോയി; ആലപ്പുഴയിൽ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
Alappuzha Thamarakulam Hotel Attack : ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പാഴ്സലിനൊപ്പം സൗജന്യമായി നൽകുന്ന ഗ്രേവി കുറഞ്ഞതിൻ്റെ പേരിലാണ് ആക്രമണം

Representative Image
ആലപ്പുഴ (മാർച്ച് 14) : പൊറോട്ടയ്ക്കൊപ്പം പാഴ്സലിൽ നൽകിയ ഗ്രേവി കുറഞ്ഞുപോയതിൻ്റെ പേരിൽ ഹോട്ടൽ ഉടമയെയും കുടുംബത്തെയും മൂന്ന് യുവാക്കൾ ചേർന്ന് ആക്രമിച്ചു. ആലപ്പുഴ താമരക്കുളത്താണ് ഗ്രേവി കുറഞ്ഞുപോയതിൻ്റെ പേരിൽ യുവക്കൾ മൂന്ന് പേരെ ആക്രമിച്ചത്. പാചകത്തിന് ഉപയോഗിക്കുന്ന ചട്ടുകം കൊണ്ട് ഹോട്ടൽ ബുക്കാരി ഫുഡ് കോർട്ടിൻ്റെ ഉടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പാഴ്സലായി വാങ്ങിയ പൊറോട്ടയ്ക്കും ബീഫ് ഫ്രൈക്കും ഒപ്പം നൽകിയ ഗ്രേവി കുറഞ്ഞ് പോയതിൻ്റെ പേരിലായിരുന്നു ആക്രമണം. ഹോട്ടലുകൾ പാഴ്സലിനൊപ്പം ഗ്രേവി സൗജന്യമായി നൽകുന്നതാണ് പതിവ്. സംഭവത്തിൽ നൂറനാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോകുകയും ചെയ്തു.
ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസിനെയാണ് ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഉവൈസിന് പുറമെ സഹദോരൻ മുഹമ്മദ് നൗഷാദ് ഭാര്യ മാതാവ് റെജില എന്നിവർക്കും ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. മൂന്ന് പേരെയും അടൂർ തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.