ഇറാന്‍ പിടികൂടിയ കപ്പലില്‍ മൂന്ന് മലയാളികള്‍; ആശങ്കയോടെ കുടുംബം
ദുബായിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ സൈന്യം തടഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് കമ്പനിയുടെ കീഴിലുള്ളതാണ് കപ്പല്‍
കോഴിക്കോട്: ഇറാന്‍ പിടികൂടിയ ഇസ്രായേല്‍ കപ്പലില്‍ മൂന്ന് മലയാളികള്‍. കപ്പലിലെ സെക്കന്‍ഡ് എഞ്ചിനീയറായ കോഴിക്കോട് സ്വദേശി ശ്യാനാഥിന്റെ കുടുംബമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്യംനാഥിനെ കൂടാതെ വയനാട് സ്വദേശി മിഥുനും പാലക്കാട് സ്വദേശി സുമേഷുമാണ് കപ്പലിലുള്ളത്.
കഴിഞ്ഞ 10 വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ശ്യംനാഥ്. വിഷുവിന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു ശ്യാനാഥ്. എന്നാല്‍ ജോലിക്ക് കയറേണ്ട ആള്‍ വൈകിയതിനാലാണ് യാത്ര മാറ്റേണ്ടി വന്നത്. ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ നടത്തിയ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ശ്യാനാഥിന്റെ കുടുംബം പറയുന്നു.
ദുബായിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ സൈന്യം തടഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് കമ്പനിയുടെ കീഴിലുള്ളതാണ് കപ്പല്‍. കമ്പനിയുടെ ഉടമസ്ഥന്‍ ഇയാല്‍ ഒഫര്‍ ഇസ്രായേലി പൗരത്വമുള്ള വ്യക്തിയാണെന്ന് ഇസ്രായേല്‍ അറിയിച്ചു.
ഏപ്രില്‍ 1ന് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ എംബസി ആക്രമിച്ചതോടെ ഇസ്രായേലിനെതിരെ ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം. റെവല്യൂഷനറി ഗാര്‍ഡും തീരസേനയും കപ്പല്‍ വളഞ്ഞ് ഇറാന്റെ ജലാതിര്‍ത്തിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. കമാന്‍ഡോകള്‍ ഹെലികോപ്ടറിലെത്തി കപ്പലില്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടിട്ടുണ്ട്.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ തീരുമാനിച്ചതിന്റെ അനന്തരഫലങ്ങള്‍ ഇറാന്‍ അനുഭവിക്കേണ്ടിവരും. ഇറാന്റെ ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കാനും പ്രതികരിക്കാനും തങ്ങള്‍ തയാറാണെന്ന് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
അതേസമയം, ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ചിരിക്കുകയാണ് ഇറാന്‍. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണുകള്‍ അയച്ചത്. ആക്രമണം നടന്നതായി ഇസ്രായേല്‍ സേന സ്ഥിരീകരിച്ചു.
185 ഡ്രോണുകള്‍, 36 ക്രൂയിസ് മിസൈലുകള്‍, 110 ഭൂതല മിസൈലുകളുമാണ് ഇറാന്‍ ഉപയോഗിച്ചത്. ആക്രമണത്തില്‍ ഒരു 10 വയസുകാരന് പരിക്കേറ്റതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്നുള്ള പരിഭ്രാന്തി മൂലമുള്ള തിക്കിലും തിരക്കിലും പെട്ട് 31 പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചു. നൂറിലേറെ പേര്‍ കൂട്ടംചേരുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാന്‍ അയച്ച ബാലിസ്റ്റിക് മിസൈലുകളില്‍ അധികവും ഇസ്രായേല്‍ വ്യോമ പരിധിക്ക് പുറത്തുവെച്ച് നിര്‍വീര്യമാക്കിയെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. അതേസമയം, ഇസ്രായേലിലെ നഫാത്തിം വ്യോമകേന്ദ്രവും തങ്ങള്‍ ലക്ഷ്യം വെച്ചിരുന്നുവെന്ന് ഇറാന്‍ വ്യക്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു. ഇറാനെതിരെ പ്രത്യാക്രമണം പാടില്ലെന്ന് ബൈഡന്‍ നിര്‍ദേശിച്ചതായാണ് വിവരം.
യുദ്ധം വ്യാപിക്കാതിരിക്കാന്‍ മേഖലയിലെ രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം നടത്തുന്നുണ്ട്. കൂടാതെ വിഷയത്തില്‍ യു എന്‍ രക്ഷാസമിതിയും അടിയന്തര യോഗം ചേരും. അതേസമയം, ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.