Hanuman Monkey: വീണ്ടും ചാടിപ്പോയി, ഒന്നല്ല മൂന്നെണ്ണം; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടി
Hanuman Monkey Escaped: ഇവയിൽ രണ്ടെണ്ണം മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ ഉണ്ടെന്നും ഒരെണ്ണം മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല അധികൃതരെ വീണ്ടും നട്ടം തിരിച്ച് ഹനുമാൻ കുരങ്ങുകൾ. മൃഗശാലയിൽ നിന്നും വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപോയി. ഇത്തവണ മൂന്ന് ഹനുമാൻ കുരങ്ങുകളാണ് കൂട്ടിൽ നിന്നും പുറത്ത് ചാടിയത്. ഇവയിൽ രണ്ടെണ്ണം മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ ഉണ്ടെന്നും ഒരെണ്ണം മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പെൺകുരങ്ങുകൾ കൂടി ചാടിപ്പോയത്. അതേസമയം ഇന്ന് മൃഗശാല അവധിയാണ്. രാവിലെ ഏഴ് മണി മുതലാണ് കുരങ്ങുകളെ കാണാതായത്.
ഇതോടെ കുരങ്ങുകളെ കൂട്ടിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. കുരങ്ങുകളെ തത്കാലം പ്രകോപിപ്പിക്കാതെ തിരികെ എത്തിക്കാൻ മൃഗശാല അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മയക്കുവെടി വെച്ചാൽ മരത്തിൽ നിന്ന് താഴെ വീണ് കുരങ്ങുകൾക്ക് ജീവഹാനി ഉണ്ടായേക്കുമെന്നതിനാൽ ഈ മാർഗം നിലവിൽ അധികൃതർ ആലോചിക്കുന്നില്ല. തീറ്റ ഇട്ട് ആകർഷിക്കാനുള്ള ശ്രമങ്ങൾ മൃഗശാലയിൽ നിന്ന് തന്നെ തുടരുകയാണ്. അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്.
2023ലും സമാന സംഭവം നടന്നിട്ടുണ്ട്. സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിന്‍റെ ട്രയൽ നടത്തുന്നതിനിടെയായിരുന്നു മുൻപ് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. ക്വാറൻ്റീനിൽ പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്നും സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ കുരങ്ങ് ചാടിപോയത്. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽ നിന്ന് എത്തിച്ചവയായിരുന്നു ഇത്. ഏറെ പരിശ്രമത്തിനൊടുവിലായിരുന്നു അന്ന് കുരങ്ങിനെ പിടികൂടിയത്. ഇതിനു മുൻപും രണ്ടുതവണ ഹനുമാന്‍ കുരങ്ങുകള്‍ മൃഗശാലയില്‍ നിന്ന് ചാടിപ്പോയിരുന്നു. മൃഗശാലയ്ക്ക് പുറത്തേക്ക് വളര്‍ന്നു നില്‍ക്കുന്ന മരച്ചില്ലകള്‍ കൃത്യസമയത്ത് വെട്ടിമാറ്റാത്തതാണ് കുരങ്ങുകള്‍ രക്ഷപ്പെടാന്‍ കാരണമായി അന്ന് പറഞ്ഞത്.
കഴിഞ്ഞ വർഷം ചാടിപോയ ഹനുമാൻ കുരങ്ങിനെ ഒരു വർഷത്തോളം കൂട്ടിനുള്ളിലാക്കിയിരുന്നു. ഇതിനു ശേഷം രണ്ടാഴ്ചയ്ക്ക് മുൻപാണ് പുറത്തിറക്കിയത്. ഇനി മതിലു ചാടാതിരിക്കാൻ അധികൃതർ മുൻകരുതലുകൾ എടുത്തിട്ടുണ്ടായിരുന്നു. ഇതിന്റെ കൂടെ ഹരിയാനക്കാരായ മൂന്ന് കുരങ്ങുകളും ഉണ്ടായിരുന്നു.