Missing: നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി; തെരച്ചിൽ തുടരുന്നു
Nirbhaya Centre Missing Case: സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് പെൺകുട്ടികൾ പുറത്തിറങ്ങിയത്. കാണാതായവരിൽ ഒരാൾ പോക്സോ അതിജീവിതയാണ്.
പാലക്കാട്: സർക്കാർ ഉടമസ്ഥതയിലുള്ള നിർഭയാ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. പ്രായപൂർത്തിയാകാത്ത 17 വയസുള്ള രണ്ട് പേരെയും 14 വയസുള്ള ഒരാളെയുമാണ് കാണാതായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുട്ടികളെ കാണാതായ വിവരം പൊലീസിന് ലഭിക്കുന്നത്. പാലക്കാട് പൊലീസ് കുട്ടികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഉൗർജ്ജിതമാക്കി.
സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് പെൺകുട്ടികൾ പുറത്തിറങ്ങിയത്. കാണാതായവരിൽ ഒരാൾ പോക്സോ അതിജീവിതയാണ്. പെൺകുട്ടികളെ കാണാതായ വിവരം നിർഭയാ കേന്ദ്രം അധികൃതരാണ് പൊലീസിനെ അറിയിച്ചത്. നിരന്തരം വീട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം പെൺകുട്ടികൾ പ്രകടിപ്പിച്ചിരുന്നതായി നിർഭയാ കേന്ദ്രം അധികൃതർ പറഞ്ഞു.
പെൺകുട്ടികൾ വീടുകളിലെത്തിയിട്ടില്ലെന്നും ഇവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. സമീപത്തെ സിസിവിടി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം.