Biju Joseph Murder Case: ബിജു ജോസഫിന്റെ മൃതദേഹം മാന്‍ഹോളില്‍ നിന്ന് പുറത്തെടുത്തു; കൊല്ലപ്പെട്ടത് തട്ടിക്കൊണ്ടുപോയ വാഹനത്തില്‍വെച്ച്?
Thodupuzha Murder Case: ബിസിനസ് പങ്കാളിയുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ ബിസിനസ് പങ്കാളിയടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കേസിലുള്‍പ്പെട്ട നാലാമന്‍ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. ഇയാള്‍ക്കെതിരെയും കേസെടുക്കും

തൊടുപുഴ: മൂന്ന് ദിവസം മുമ്പ് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം മാന്‍ഹോളില്‍ നിന്ന് പുറത്തെടുത്തു. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം കലയന്താനിയിലെ ഗോഡൗണില്‍ ഒളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഗോഡൗണിന്റെ ഭിത്തിയടക്കം തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ബിജുവിനെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബിസിനസ് പങ്കാളിയുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ ബിസിനസ് പങ്കാളിയടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കേസിലുള്‍പ്പെട്ട നാലാമന്‍ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. ഇയാള്‍ക്കെതിരെയും കേസെടുക്കും. ബിജുവിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി ഒന്നാം പ്രതി ജോമോന്‍ പൊലീസിനോട് സമ്മതിച്ചെന്നാണ് വിവരം.




ബിജുവിന്റെ വീടിന് സമീപത്ത് സംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ചെരിപ്പും വസ്ത്രവും കണ്ടെടുത്തിരുന്നു. തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ വച്ച് ബിജുവിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികളില്‍ ഒരാളുമായി ബിജു ജോസഫ് ഒരു കാറ്ററിങ് സ്ഥാപനവും, മൊബൈല്‍ മോര്‍ച്ചറിയും നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും സാമ്പത്തിക തര്‍ക്കങ്ങളുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആഹാരവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്ന മാലിന്യസംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.