Thodupuzha Biju Joseph Death: ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചു, മുഖത്തും തലയിലും പരിക്ക്; ബിജു ജോസഫ് ഇരയായത് ക്രൂര മർദനത്തിന്
Thodupuzha Biju Joseph Death Case: പ്രതികൾ ബിജുവിനെ തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും കാണാതായിട്ടുണ്ട്. ഇതും പ്രതികൾ കടത്തികൊണ്ടു പോയതായാണ് സംശയം.

കോട്ടയം: തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതക കേസിലെ (Biju Joseph Death Case) പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് രാവിലെ ആരംഭിക്കും. അതേസമയം ബിജു ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പോലീസിൻ്റെ ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തി. ബിജുവിൻ്റെ മുഖത്തിനും തലയിലും പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ക്രൂരമായ മർദ്ദനത്തെ തുടർന്ന് ബിജു രക്തം ഛർദ്ദിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പ്രതികൾ ബിജുവിനെ തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും കാണാതായിട്ടുണ്ട്. ഇതും പ്രതികൾ കടത്തികൊണ്ടു പോയതായാണ് സംശയം. സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനായി പോലീസ് പരിശോധന ആരംഭിച്ചു.
ബിജു ജോസഫ് കൊലപാതകത്തിലെ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായിരുന്ന ജോമോനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നാല് പ്രതികളാണ് നിലവിലുള്ളത്. ജോമോനാണ് ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതെന്നാണ് പ്രതികൾ നൽകിയ മൊഴി.
ബിജുവും ജോമോനും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതലാണ് ബിജു ജോസഫിനെ കാണാനില്ലെന്ന കാര്യം അറിയുന്നത്. ഇന്നലെയാണ് ബന്ധുക്കൾ ബിജുവിനെ കാണ്മാനില്ലെന്ന് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം ഗോഡൗണിൽ കണ്ടെത്തിയത്.