Thiruvathukkal Murder: തിരുവാതുക്കൽ ഇരട്ട കൊലയിൽ പ്രതി അറസ്റ്റിൽ
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന, മോഷണ കേസിൽ ജയിലിൽ നിന്നും ഇയാൾ ഇറങ്ങിയിട്ട് അധികം കാലമായിട്ടില്ല

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. ആസ്സാം സ്വദേശി അമിത് ഉറാങ്ങാണ് അറസ്റ്റിലായത്. തൃശ്ശൂർ മാളയിലെ കോഴിഫാമിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കൊല്ലപ്പെട്ട വിജയകുമാറിൻ്റെ ഫോൺ മോഷ്ടിച്ച് പ്രതി അമിത് ചില സാമ്പത്തിക ഇടപാടുകൾ നടത്തിയ കേസിൽ ഇയാൾ ജയിലിലായിരുന്നു. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിൽ നിന്നും പ്രതിയുടെ ഫിംഗർപ്രിൻ്റ് കിട്ടിയിരുന്നു ഇതാണ് കേസിൽ നിർണ്ണായകമായത്.
കോട്ടയത്തെ ലോഡ്ജ്
കോട്ടയം റെയിൽവേ സ്റ്റേഷന്റെ സമീപത്തെ ലോഡ്ജിലായിരുന്നു ഏപ്രിൽ 19 മുതൽ ഈ പ്രതി താമസിച്ചിരുന്നത്. ആളുകൾ ഇത് സംബന്ധിച്ച് ഇവിടെ താമസിച്ച കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകം നടന്ന അന്ന് രാവിലെ മുറി വെക്കെറ്റ് ചെയ്ത് പ്രതി പോയിരുന്നു. പത്തൊമ്പതാം തീയതി മുതൽ ഇങ്ങോട്ടുള്ള ഈ നാല് ദിവസത്തിനിടയിൽ പല തവണയായി വിജയകുമാറിൻ്റെ വീടിന്റെ അടുത്തും പരിസരത്തും പ്രതി എത്തിയതായുള്ള വിവരങ്ങൾ പോലീസിന് കിട്ടിയിരുന്നു. ഈ ലോഡ്ജിൽ തന്നെയുള്ള ഒരു നിർണായക സി.സി.ടി.വി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. അതെല്ലാം തന്നെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു അന്വേഷണമായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
വിജയകുമാറിൻ്റെ വീട്ടിൽ ജോലിക്കാരനായി
കൊല്ലപ്പെട്ട വിജയകുമാറിൻ്റെ വീട്ടിൽ ദീർഘനാൾ ജോലിക്കാരനായി നിന്നിരുന്ന അമിത് അവിടെനിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുകയും ഫോണിലൂടെ ചില ഡിജിറ്റൽ പണം ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നു. ഇത് കൈയ്യോടെ വിജയകുമാർ പിടികൂടി. പിന്നീട് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ചുള്ള പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ശേഷം റിമാൻഡിൽ പോയ പ്രതി കഴിഞ്ഞ അഞ്ചരമാസക്കാലം ജയിലിലായിരുന്നു. ഏപ്രിൽ മാസം മൂന്നാം തീയതിയാണ് ഈ കേസിൽ പ്രതി ജാമ്യത്തിൽ ഇറങ്ങുന്നത്.