Venjaramoodu Massacre: തിരുവനന്തപുരത്തെ നടുക്കി കൂട്ടക്കൊല; 6 പേരെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ
Thiruvananthapuram Venjaramoodu Massacre: താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്നാണ് യുവാവ് പറയുന്നത്. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്. സ്വന്തം കുടുംബത്തിലെ അഞ്ച് പേരെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയതായാണ് അഫാന്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കൂട്ടക്കൊല നടത്തിയതായി യുവാവിൻ്റെ വെളിപ്പെടുത്തൽ. പെരുമല സ്വദേശിയായ അഫാൻ (23) ആണ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തി കൊലക്കുറ്റം സമ്മതിച്ചത്. താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്നാണ് യുവാവ് പറയുന്നത്. താനും വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വന്തം കുടുംബത്തിലെ അഞ്ച് പേരെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയതായാണ് അഫാന്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങുകയായിരുന്നു. പാങ്ങോട് നിന്ന് മുത്തശ്ശിയുടെ മൃതദേഹം കണ്ടെടുത്തതായാണ് റിപ്പോർട്ട്. പ്രതിയുടെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്.
പെൺസുഹൃത്തിനെയും സഹോദരനെയും അഫാൻ വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ യുവാവിൻ്റെ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഫാൻ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍സുഹൃത്തിനെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നതെന്നാണ് വിവരം. വിദേശത്ത് ബിസിനസിൽ വന്ന തകർച്ചയിലുണ്ടായ സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
സഹോദരൻ 13 വയസുകാരനായ അഹസാൻ, ഉമ്മ ഷമീന, പെൺസുഹൃത്ത് ഫർഷാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ അഫാൻ്റെ മാതാവ് ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
നാട്ടിലടക്കം പലരിൽ നിന്നും വൻ തുക കടം വാങ്ങിയിട്ടുണ്ടെന്നും കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് അവളെയും വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നാണ് അഫാൻ പറയുന്നത്.