Crime News: അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പോത്തൻകോട് രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും അറസ്റ്റിൽ
Pothencode Assault Case: കഴിഞ്ഞ രണ്ടുവർഷത്തോളമായി താൻ പീഡനത്തിന് ഇരയായതായി കുട്ടി കൗൺസിലിനിടെ വെളിപ്പെടുത്തി. നിരവധി തവണ രണ്ടാനച്ഛനായ അനീഷ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയത്. സ്‌കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പ്രതിയാണ് അനീഷ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: പോത്തൻകോട് ഒമ്പത് വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചത്. 31കാരനായ അനീഷും (രണ്ടാനച്ഛൻ) ആറ്റിപ്ര സ്വദേശിയായ ബാബുരാജുമാണ് (55) അറസ്റ്റിലായത്. ഇരുവരും കുട്ടിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. പീഡിപ്പിച്ച വിവരം മറ്റാരോടേലും പറഞ്ഞാൽ അമ്മയെ കൊലപ്പെടുത്തുമെന്നാണ് പ്രതികൾ ഭീഷണിമുഴക്കിയത്. ഇത് പേടിച്ചാണ് കുട്ടി ഈ വിവരം രഹസ്യമാക്കി വച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
പെൺകുട്ടിയുടെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. അവർ ഒരു മാസം മുമ്പാണ് പോയത്. അമ്മ വിദേശത്ത് പോയതിന് ശേഷം കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്‌കൂളിലെ അധ്യാപിക മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം പെൺകുട്ടിയെ അമ്മ കൗൺസിലിങ്ങിന് വിധേയമാക്കുകയും പിന്നാലെ ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവരുകയുമായിരുന്നു.
കഴിഞ്ഞ രണ്ടുവർഷത്തോളമായി താൻ പീഡനത്തിന് ഇരയായതായി കുട്ടി കൗൺസിലിനിടെ വെളിപ്പെടുത്തി. നിരവധി തവണ രണ്ടാനച്ഛനായ അനീഷ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴി നൽകിയിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ അനീഷിനെതിരെ മുമ്പും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം കുട്ടിയുടെ മുത്തശ്ശന്റെ സുഹൃത്തായ ബാബുരാജ് ഒരു ദിവസം വീട്ടിലെത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് കുട്ടിയുടെ മൊഴി. കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവറായി ജോലിചെയ്തുവരികയാണ് ബാബുരാജ്. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട കേസിൽ കൂടുതൽ അറസ്റ്റ്
പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ 60ലധികം പേർ പീഡിപ്പിച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി ഉയർന്നു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പതിമൂന്ന് പേരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് നീക്കങ്ങൾ ശക്തമാക്കിയതോടെ കേസിൽ പ്രതിയാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ചിലർ ജില്ല വിട്ട് കടന്നുകളഞ്ഞതായും സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. 2024 ജനുവരിയിൽ പെൺകുട്ടി ജനറൽ ആശുപത്രിയിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായതായും പ്ലസ് ടു പഠിക്കുന്ന സമയത്ത് പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ പരചയപ്പെട്ട പ്രതി കാറിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തി. പ്രതികളിൽ പലരും പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.