Padmanabha Swami Temple: പദ്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; മൂന്നംഗ സംഘം പിടിയിൽ
Padmanabha Swami Temple Theft Case: സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ഹരിയാനയിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. ഹരിയാനയിലെ ഗുഡ്ഗാവ് പോലീസിൻറെ സഹായത്തോടെ കേരള പോലീസ് നടത്തിയ തെരച്ചിലിലാണ് സംഘം ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്നും പിടിയിലാകുന്നത്.
തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ (Padmanabha Swami Temple) നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. സംഭവത്തിൽ മുഖ്യപ്രതി ഓസ്ട്രേലിയൻ പൗരനെന്ന് പോലീസ് പറഞ്ഞു. രണ്ട് യുവതികളടങ്ങുന്ന മൂന്നംഗ സംഘമാണ് അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്ന് പൂജയ്ക്ക് ഉപയോഗിക്കുന്ന നിവേദ്യ ഉരുളി മോഷ്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ഹരിയാനയിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. ഹരിയാനയിലെ ഗുഡ്ഗാവ് പോലീസിൻറെ സഹായത്തോടെ കേരള പോലീസ് നടത്തിയ തെരച്ചിലിലാണ് സംഘം ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്നും പിടിയിലാകുന്നത്.
ALSO READ: പദ്‌മനാഭസ്വാമി ക്ഷേത്രം പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പി; ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
മുഖ്യപ്രതി ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറാണെന്നാണ് കണ്ടെത്തൽ. ഇയാളുടെ കൂടെ രണ്ട് സ്ത്രീകളുമുണ്ടെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ സംഘം ക്ഷേത്രത്തിനുള്ളിൽ നിന്നും പൂജയ്ക്ക് ഉപയോഗിക്കുന്ന ഉരുളി മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പോലീസുദ്യോഗസ്ഥരും 200 ഓളം പോലീസ് ഉദ്യഗസ്ഥരും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിനിടയിൽ നിന്നാണ് സാധനം മോഷണം പോയത്.
ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ച് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പോലീസിന് ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഹരിയാനയിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.
ഇന്ന് ഉച്ചയോടെ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം അതീവ സുരക്ഷയുള്ള മേഖലിയിൽ നിന്നും മോഷണം പോയത് പോലീസിന് വലിയ നാണക്കേടും ഉണ്ടാക്കിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.