Clash During Wedding Reception: അല്പം മൂസിക്ക് ആവാം… വധുവിന്റെ വീട്ടുകാർ വന്ന ബസ്സിൽ പാട്ട് ഇട്ടു, ദേ പിന്നെ അടിയോട് അടി
Clash During Wedding Reception: പാട്ട് ഇട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ അടിപിടിയിൽ കലാശിച്ചത്. സംഘർഷത്തിൽ ദമ്പതിമാർക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ നാലുപേർക്കെതിരേ പോലീസ് കേസെടുത്തു.
തിരുവനന്തപുരം നെടുമങ്ങാട് വിവാഹസൽക്കാരത്തിനിടെ സംഘർഷം. സംഭവം കേട്ടാൽ നിങ്ങൾ ഞെട്ടും. വധുവിന്റെ വീട്ടുകാർ വന്ന ബസ്സിൽ പാട്ട് ഇട്ടതാണ് ഈ പ്രശ്നത്തിനെല്ലാം കാരണമായത്. പാട്ട് ഇട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ അടിപിടിയിൽ കലാശിച്ചത്. സംഘർഷത്തിൽ ദമ്പതിമാർക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ നാലുപേർക്കെതിരേ പോലീസ് കേസെടുത്തു. ഇതിൽ ഫൈസൽ, ഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായാണ് വിവരം.
നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്. അതിൻ്റെ വിവാഹ സൽക്കാരത്തിനിടെയാണ് സംഘർഷമുണ്ടായത്. പെൺകുട്ടിയുടെ വീട്ടുകാർ വന്ന ബസ്സിൽ പാട്ട് ഇട്ടതിനെ തുടർന്നുള്ള തർക്കം ആണ് അടിപിടിയിൽ അവസാനിച്ചത്. ബസ്സിൽ നിന്നും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയം ഇതുസംബന്ധിച്ച് വാക്കുതർക്കം ഉണ്ടാകുകയും ഒടുവിൽ സംഘർഷം ഉണ്ടാവുകയുമായിരുന്നു.
ALSO READ: കരിപ്പൂരിൽ പിടികൂടുന്ന സ്വർണം പരിശോധിക്കാൻ ആളില്ല; അപേക്ഷ ക്ഷണിച്ചിട്ട് എത്തിയത് ഒരാൾ
ആൻസി (30), ഭർത്താവ് ഷെഫീഖ്, ഇവരുടെ ഒന്നരവയസ്സുള്ള മകൻ ഷെഫാൻ എന്നിവരെ കടയ്ക്കൽ സ്വദേശി ഫൈസൽ, കല്ലറ സ്വദേശികളായ ഷാഹിദ്, റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ജലാലുദ്ദീൻ, ഷാജി എന്നിവർ ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. സംഭവമറിഞ്ഞ് നെടുമങ്ങാട് സ്റ്റേഷനിൽനിന്നും പ്രിൻസിപ്പൽ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
എന്നാൽ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ പോലീസിന് നേരേയും കൈയേറ്റമുണ്ടായി. മദ്യലഹരിയിലായിരുന്ന പ്രതികളായ ഫൈസലും ഷാഹിദും എസ്ഐയോട് കയർത്ത് സംസാരിക്കുകയും പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ച സമയം എസ്ഐയുമായി ബലപ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
പ്രതികളുമായുള്ള ബലപ്രയോഗത്തിനിടെ എസ്ഐയുടെ ഫോൺ നിലത്തുവീണു പൊട്ടുകയും എസ്ഐയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. എസ്ഐ പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ അൻസിയെയും മകൻ ഷഫാനെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിലും തലയ്ക്കും പരിക്കുള്ളതിനാൽ കുട്ടിയെ പിന്നീട് എസ്എടി ആശുപത്രിയിലേക്ക് മാറ്റി.