Thiruvananthapuram Medical College: ഇനി സൗജന്യമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്തി
Thiruvananthapuram Medical College OP Ticket Fee : നേരത്തെ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ ഹോസ്പിറ്റൽ വികസന സമിതി തീരുമാനിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ട് ഫീസ് ഈടാക്കാൻ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പണം ഈടാക്കും. സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താൻ ആശുപത്രി വികസന സമിതി തീരുമാനിച്ചിരിക്കുന്നത്. ഒരു ഒപി ടിക്കറ്റിന് പത്ത് രൂപയായിരിക്കും രോഗികളിൽ നിന്ന് ഈടാക്കുക. ബിപിഎൽ വിഭാഗത്തിൽ ഉള്ളവർ ഒപി ടിക്കറ്റിന് പണം നൽകേണ്ടതില്ലെന്നും ആശുപത്രി വികസന സമിതി അറിയിച്ചു. വികസന സമിതിയുടെ തീരുമാനത്തോട് പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചു. ഒപി ടിക്കറ്റ് 20 രൂപയാക്കാനായിരുന്നു തീരുമാനമെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്നാണ് പത്ത് രൂപയാക്കിയത്. നിലവിൽ ഒപി ടിക്കറ്റിന് മെഡിക്കൽ കോളജിൽ ഫീസ് ഇല്ല. പുതിയ തീരുമാനം എന്ന് മുതൽ നിലവിൽ വരുമെന്ന് ജനങ്ങളെ ഉടൻ അറിയിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിലാണ് ആശുപത്രി വികസന സമിതി യോഗം ചേർന്നത്. 75 വർഷത്തിനിടയിൽ ആദ്യമായാണ് മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്തുന്നത്. മറ്റ് മെഡിക്കൽ കോളേജുകളിലിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനം വികസന സമിതി കെെക്കൊണ്ടത്.
നേരത്തെ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ ഹോസ്പിറ്റൽ വികസന സമിതി തീരുമാനിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ട് ഫീസ് ഈടാക്കാൻ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.