Kerala Lok Sabha Election Result 2024: ലീഡ് നില മാറിമറിയുന്നു; തിരുവനന്തപുരത്ത് എൻഡിഎയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമെന്ന് സൂചന
ബിജെപി സീറ്റ് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ കേന്ദ്രമന്ത്രിയെത്തന്നെ രംഗത്തിറക്കിയതും തിരുവനന്തപുരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്
തിരുവനന്തപുരം: തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ തിരുവനന്തപുരത്ത് ലീഡ് നില മാറിമറിയുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആണ് മുന്നിൽ നിന്നത്. എന്നാൽ, ഏറെ വൈകാതെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ലീഡെടുത്തു. നൂറിലധികം വോട്ടുകൾക്ക് മുന്നിൽ നിന്ന രാജീവ് ചന്ദ്രശേഖറിനെതിരെ പിന്നീട് ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചു. നിലവിൽ ആയിരത്തോളം വോട്ടുകളുടെ ലീഡുമായി ശശി തരൂരാണ് മുന്നിൽ.
ബിജെപി സീറ്റ് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ കേന്ദ്രമന്ത്രിയെത്തന്നെ രംഗത്തിറക്കിയതും തിരുവനന്തപുരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സിറ്റിംഗ് എംപിയായ ശശി തരൂരിനെ മറികടക്കാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നായിരുന്നു ബിജെപി സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ പ്രതീക്ഷ.
ഇത് മുന്നിൽ കണ്ട് വ്യാപകമായ പ്രചാരണവും മണ്ഡലത്തിൽ നടത്തിയിരുന്നു. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്ന ബിജെപി തിരുവനന്തപുരത്തിനൊപ്പം തൃശൂരും ആറ്റിങ്ങലും ഉൾപ്പെടെ പ്രതീക്ഷിക്കുന്നുണ്ട്. തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരനുമാണ് എൻഡി)എ സ്ഥാനാർത്ഥികൾ. വിവിധ എക്സിറ്റ് പോളുകളിൽ ബിജെപിക്ക് മൂന്ന് സീറ്റുകളോളം പ്രവചിക്കപ്പെട്ടിരുന്നു.
ഇതിനിടെ കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. കേരളത്തിൽ വലിയ വിജയ പ്രതീക്ഷയാണുള്ളത് എന്നും ആറ് സീറ്റുകള്‍ വരെ ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റ് വോട്ടുകളാണ് നിലവിൽ എണ്ണുന്നത്. ഇതിനു ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. പത്തരലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ ആദ്യഫല സൂചനകള്‍ വന്ന് തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ രൂപം വ്യക്തമാകും.
ഏഴ് ഘട്ടങ്ങളിലായി ഒന്നര മാസം നീണ്ട് നിന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായത് ജൂണ്‍ ഒന്നാം തീയതിയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയധികം സമയമെടുത്ത് വോട്ടെടുപ്പ് സംഘടിപ്പിച്ചത് ഇത്തവണയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം ഒഡീഷ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്ത് വിടും.