Anganwadi: അങ്കണവാടിയില്‍ കുഞ്ഞ് വീണ കാര്യം അറിഞ്ഞത് മൂന്നുവയസുകാരന്‍ പറഞ്ഞ്; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
3 Year Old Anganwadi Injury Case: മാറനല്ലൂര്‍ സ്വദേശികളാണ് രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.
തിരുവനന്തപുരം: അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് മൂന്നുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അധ്യാപിക ശുഭലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം മാറനല്ലൂര്‍ എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവമുണ്ടായത്. മാറനല്ലൂര്‍ സ്വദേശികളാണ് രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.
വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. വൈകുന്നേരം പതിവുപോലെ ഇരട്ടകളായ മക്കളെ മാറനല്ലൂരിലെ അങ്കണവാടിയില്‍ നിന്നും അച്ഛന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ വീട്ടിലെത്തിയ വൈഗയെ ക്ഷീണിതയായി കണ്ടെങ്കിലും രാവിലെ മുതല്‍ പനിയുള്ളതിനാല്‍ അതായിരിക്കാം കാരണമെന്ന് കുടുംബം കരുതി. എന്നാല്‍ കുഞ്ഞ് നിര്‍ത്താതെ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെയാണ് വൈഗയുടെ ഇരട്ട സഹോദരനോട് മാതാപിതാക്കള്‍ വിവരം അന്വേഷിക്കുന്നത്.
വൈഗ ഉച്ചയ്ക്ക് ജനലില്‍ നിന്ന് വീണതായി സഹോദരന്‍ മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ പരിശോധിച്ചപ്പോള്‍ തലയുടെ പുറകില്‍ മുഴച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കുഞ്ഞിനെ കണ്ടലയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടിയലും കുട്ടിയെ പ്രവേശിപ്പിച്ചു. കുഞ്ഞിന് സ്‌പൈനല്‍ കോഡിന് ഗുരുതര പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടാതെ തലയില്‍ ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
കുട്ടിക്ക് പരിക്കേറ്റതിനെ കുറിച്ച് അങ്കണവാടി അധ്യാപികയോടും ഹെല്‍പ്പറോടും ചോദിച്ചപ്പോള്‍ കസേരയില്‍ നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് മറുപടി ലഭിച്ചതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. സംഭവത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ നല്‍കാനോ അങ്കണവാടി ജീവനക്കാര്‍ തയാറായില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
ആറ് കുട്ടികളാണ് ഈ അങ്കണവാടിയില്‍ പഠിക്കുന്നത്. സംഭവത്തില്‍ കുഞ്ഞ് കസേരയില്‍ നിന്ന് വീണിരുന്നുവെന്ന് രക്ഷിതാക്കളോട് പറയാന്‍ മറുന്നപോയെന്നാണ് ആദ്യം അധ്യാപിക പ്രതികരിച്ചത്. എന്നാല്‍ കുട്ടിക്ക് അപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.