5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Night Travel: അപകടം മറഞ്ഞിരിക്കുന്ന രാത്രി യാത്രകള്‍, അലംഭാവം അരുതേ ! ഓര്‍മയില്‍ സൂക്ഷിക്കണം ഇക്കാര്യങ്ങള്‍

Traveling At Night : ഏകദേശം രണ്ട് വര്‍ഷം മുമ്പും, ആലപ്പുഴയില്‍ സമാനമായ അപകടം നടന്നിരുന്നു. 2023 ജനുവരി 23ന് പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ അന്ന് മരിച്ചതും അഞ്ച് ചെറുപ്പക്കാരാണ്. അമ്പലപ്പുഴ കക്കാഴം മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്

Night Travel: അപകടം മറഞ്ഞിരിക്കുന്ന രാത്രി യാത്രകള്‍, അലംഭാവം അരുതേ ! ഓര്‍മയില്‍ സൂക്ഷിക്കണം ഇക്കാര്യങ്ങള്‍
പ്രതീകാത്മക ചിത്രം (Image Credits: Getty Images)
jayadevan-am
Jayadevan AM | Published: 02 Dec 2024 23:39 PM

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് കേരളം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്.

പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കനത്ത മഴ പെയ്തതടക്കം അപകടത്തിന് കാരണമായതായി സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

ഏകദേശം രണ്ട് വര്‍ഷം മുമ്പും, ആലപ്പുഴയില്‍ സമാനമായ അപകടം നടന്നിരുന്നു. 2023 ജനുവരി 23ന് പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ അന്ന് മരിച്ചതും അഞ്ച് ചെറുപ്പക്കാരാണ്. അമ്പലപ്പുഴ കക്കാഴം മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. അന്നും രാത്രിയാത്രകളെക്കുറിച്ച് ഏറെ ചര്‍ച്ചകളുണ്ടായി.

അതില്‍ ഏറ്റവും ശ്രദ്ധേയമായത് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി അന്ന് പങ്കുവച്ച കുറിപ്പാണ്. വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും ഇന്നും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ കുറിപ്പ്. പ്രത്യേകിച്ചും രാത്രിയാത്രകള്‍ നടത്തേണ്ടവര്‍ ഇത് വായിക്കേണ്ടതാണ്.

മുരളി തുമ്മാരുകുടി അന്ന് പങ്കുവച്ച കുറിപ്പ്‌:

രാത്രി പത്തുമണിക്ക് ശേഷവും രാവിലെ ആറുമണിക്ക് മുൻപും യാത്രകൾ പരമാവധി ഒഴിവാക്കണം എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. പകലും അപകടം ഉണ്ടാകാമല്ലോ ? പിന്നെന്തിനാണ് രാത്രി യാത്ര മാത്രം ഒഴിവാക്കുന്നത് ? രാത്രിയിൽ തിരക്ക് കുറവല്ലേ? അപ്പോൾ അതല്ലേ സുരക്ഷിതം ? സ്വാഭാവികമായ ചോദ്യങ്ങൾ ആണ്.

എന്തുകൊണ്ടാണ് രാത്രി യാത്ര കൂടുതൽ അപകടം ഉണ്ടാക്കുന്നത് ?

ഓരോ സെക്കൻഡും പൂർണ്ണമായി റോഡിൽ ശ്രദ്ധിച്ചാൽ മാത്രമേ സുരക്ഷിതമായി വാഹനം ഓടിക്കാൻ പറ്റൂ. ഒരു മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരു വാഹനം സെക്കൻഡിൽ പതിനേഴ് മീറ്ററോളം പോകും. എഫ്. എം. റേഡിയോയുടെ ഒരു ചാനൽ മാറ്റാൻ പോകുന്ന രണ്ടു സെക്കൻഡിൽ 34 മീറ്റർ ദൂരമാണ് റോഡിൽ ശ്രദ്ധിക്കാതിരിക്കുന്നത്. ഒരപകടം വരാൻ ആ സമയം മതി.

രാത്രി ഉറങ്ങുന്ന ഒരു ജീവിയാണ് മനുഷ്യൻ. അതുകൊണ്ട് തന്നെ പകൽ മനുഷ്യനുള്ളത്രയും ശ്രദ്ധ രാത്രി കിട്ടില്ല എന്നതാണ് ഒന്നാമത്തെ കാര്യം. പലപ്പോഴും പകൽ ജോലികൾ ചെയ്തതിന് ശേഷമാണ് രാത്രിയും ആളുകൾ വണ്ടി ഓടിക്കുന്നത്. ഡ്രൈവർമാർ ആണെങ്കിൽ പ്രത്യേകിച്ചും. അപ്പോൾ പകൽ ചെയ്ത ജോലിയുടെ ക്ഷീണവും രാത്രിയുടെ സ്വാഭാവികമായ തളർച്ചയും കൂട്ടുന്പോൾ ശ്രദ്ധ വളരെ കുറയുന്നു. നമ്മുടെ മിക്ക റോഡുകളിലും രാത്രികളിൽ വേണ്ടത്ര വെളിച്ചം ഇല്ല. അപ്പോൾ പൂർണ്ണമായി അടുത്തോ ദൂരത്തിലോ ഉള്ള കാഴ്‌ച കാണാൻ പറ്റില്ല.

അനവധി ആളുകൾക്ക് പകൽ കാണുന്നത് പോലെ രാത്രി വെളിച്ചത്തിൽ കാണാൻ പറ്റില്ല എന്നതും വസ്തുതയാണ്.
മറുഭാഗത്ത് നിന്നും വരുന്ന വാഹനത്തിന്റെ വെളിച്ചം പലപ്പോഴും കാഴ്ചയെ കുറക്കുന്നു. കണ്ണട വച്ചിട്ടുള്ളവർക്ക് ഇത് പ്രത്യേക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു

വൈകുന്നേരം ഭക്ഷണം കഴിച്ചതിന് ശേഷം വാഹനം ഓടിക്കുന്നത് തളർച്ച കൂട്ടുന്നു, ശ്രദ്ധ കുറക്കുന്നു. വൈകുന്നേരങ്ങളിൽ മദ്യപിച്ച് ഓടിക്കുന്നവരുടെ എണ്ണം കൂടുന്നു, ഡ്രൈവറുടെ ജഡ്ജ്‌മെന്റ് കുറയുന്നു.
സ്ഥിരമായി രാത്രി മരുന്നുകൾ കഴിക്കുന്ന ആളുകൾ ഉണ്ട്. ചില മരുന്നുകൾ മയക്കം ഉണ്ടാക്കുന്നവയാണ്, ഇത് ശ്രദ്ധ കുറക്കുന്നു.

നമ്മുടെ ഡ്രൈവിങ്ങ് പരിശീലനത്തിലോ പരീക്ഷയിലോ രാത്രി ഡ്രൈവിങ്ങ് ഉൾപ്പെട്ടിട്ടില്ല. അപ്പോൾ രാത്രിയിൽ ഓടിച്ച് പരിചയം ഉണ്ടാകണം എന്നില്ല. ഇനി നിങ്ങൾ ഈ പറഞ്ഞ ഒരു ഗണത്തിലും പെടുന്നതല്ല എന്ന് കരുതിയാലും പ്രശ്നം തീരുന്നില്ല. റോഡിലുള്ള മറ്റു ഡ്രൈവർമാർക്ക് ആർക്കെങ്കിലും മുൻപറഞ്ഞ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് നിങ്ങളുടെ ജീവനെടുത്തേക്കാം.

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഏകദേശം 230 കിലോമീറ്റർ ദൂരമുണ്ട്, രാത്രിയിൽ നാലു മണിക്കൂർ കൊണ്ട് ഓടിച്ച് എത്തി ചേരാം. ഒരു മിനുട്ടിൽ ശരാശരി അഞ്ചു വാഹനങ്ങൾ നമ്മുടെ എതിരെ വരുന്നു എന്ന് കരുതുക. അപ്പോൾ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ ആയിരത്തി ഇരുന്നൂറ് വാഹനങ്ങൾ നമുക്കെതിരെ വരും. അതിൽ ആയിരത്തി ഇരുന്നൂറ് ഡ്രൈവർമാർ ഉണ്ട്.

നമ്മുടെ ലൈനിൽ നമ്മുടെ തൊട്ടു മുന്നിലോ പിന്നിലോ ഓവർടേക്ക് ചെയ്യുന്നതോ ആയ ഒരു പത്തു ശതമാനം കൂടി കൂട്ടുക. അപ്പോൾ നമ്മൾ എത്ര ശ്രദ്ധിച്ച് ഡ്രൈവ് ചെയ്താലും മറ്റ് 1340 ഡ്രൈവർമാരുടെ കയ്യിലാണ് നമ്മുടെ ജീവൻ. അതിൽ ഒരാൾ മുൻപ് പറഞ്ഞ ഏതെങ്കിലും രീതിയിൽ ക്ഷീണിതൻ ആയാൽ മതി. ശേഷം ചിന്ത്യം രാത്രിയാത്രകൾ ഒഴിവാക്കുന്നത് ഒരു ശീലമാക്കുക.

Latest News