സംസ്ഥാനത്ത് ചൂടിന് ശമനമില്ല; 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 5 ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഏപ്രിൽ 14 -17 വരെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥ വകുപ്പ്. ഈ ജില്ലകളിൽ സാധരണ താപനിലയെക്കാൾ 2-4 ഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തൃശൂർ, പാലക്കാട് (39 ഡിഗ്രി വരെ), കോഴിക്കോട്, കണ്ണൂർ (38 ഡിഗ്രി വരെ), പത്തനംതിട്ട, കാസർഗോഡ് (37 ഡിഗ്രി വരെ), ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ( 36 ഡിഗ്രി വരെ) എന്നിങ്ങനെയാണ് കണക്ക്.
അതേസമയം ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 5 ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് കേരളത്തിൽ ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിലും 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാംകുളം എന്നിവിടങ്ങളിലും 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ, ഇടുക്കി, വയനാട് ജില്ലകളിലും 18ാം തിയ്യതി കേരളത്തിലുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.