CPIM State Conference: സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഇറങ്ങിപ്പോക്കില്‍ എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത; ഫേസ്ബുക്ക് പോസ്റ്റിലും കടുത്ത അതൃപ്തി
A Padmakumar: ഇറങ്ങിപ്പോക്കിലും ഇതിനു പിന്നാലെ ഫേയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലും പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. മറ്റന്നാൾ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും.

എ പത്മകുമാർ
പത്തനംതിട്ട: കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഇറങ്ങിപ്പോക്കില്‍ പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത. ഇറങ്ങിപ്പോക്കിലും ഇതിനു പിന്നാലെ ഫേയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലും പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. മറ്റന്നാൾ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും.
സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസമാണ് എ പത്മകുമാർ അതൃപ്തി പരസ്യമാക്കിയത്. സിപിഎം സംസ്ഥാന സമ്മേളന വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഉച്ചഭക്ഷണത്തിനു പോലും നിൽക്കാതെയാണ് അദ്ദേഹം കൊല്ലത്തുനിന്നു പോയത്. ഇതിനു പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റും അദ്ദേഹം പങ്കുവച്ചു. ‘52 വർഷത്തെ പാർട്ടി പ്രവർത്തനത്തിനു ലഭിച്ചത് ചതിവ്, വഞ്ചന, അവഹേളനം’’ എന്ന് കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. വിഷമിച്ചു കാറിലിരിക്കുന്നതാണു പുതിയ ചിത്രം. എന്നാൽ ഇത് പിന്നീട് വാർത്തയായതിനു പിന്നാലെ നീക്കും ചെയ്യുകയായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻപോട്ടുള്ള പ്രയാണത്തിനു അത്യാവശ്യമായ വെടിവയ്പ്പിനെ പോലും നേരിടാൻ കഴിയുന്ന ആളുകളെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. പാർട്ടി പ്രവർത്തകർക്കു പരിഗണന നൽകാതെ പാർലമെന്ററി രംഗത്തു നിൽക്കുന്നവർക്കു പരിഗണ നൽകുന്നതിൽ പ്രതിഷേധമുണ്ടെന്നു പത്മകുമാർ പരസ്യമായി പറഞ്ഞു. പാർട്ടിയുടെ പേരിൽ ജീവൻ പോലും നഷ്ടമാകുമായിരുന്ന തന്നെ ഒഴിവാക്കിയെന്നും പാർലമെന്ററി പ്രവർത്തനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ആളുകളെ തിരഞ്ഞെടുത്തുവെന്നും ഇതിൽ പ്രയാസമുണ്ടാകും എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഡിവൈഎഫ്ഐയുടെ ഭാഗമായി എല്ലാ മേഖലയിലും പ്രവർത്തിച്ച ഒരാളാണ് താൻ. ഏറ്റവും കൂടുതൽ കാൽനട ജാഥയിൽ പങ്കെടുത്തിട്ടുള്ളത് താനാണ് എന്നും പത്മകുമാർ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം പത്മകുമാറിന്റെ എതിർപ്പ് പരസ്യമാക്കിയതിനു പിന്നാലെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പത്മകുമാർ വന്നാൽ സ്വാഗതം ചെയ്യുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം പറഞ്ഞു. മറ്റ് കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞു. അദ്ദേഹം പാർട്ടി വിട്ട് വന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്നായിരുന്നു കോൺഗ്രസിന്റെ വാദം. അത്തരത്തിൽ ഒട്ടേറെ ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.