നടിയെ ആക്രമിച്ച കേസ്; മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി
വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപിൻറെ അപ്പീൽ.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. മൊഴിപകർപ്പ് നൽകരുതെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴികളെക്കുറിച്ച് അറിയാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിത കോടതിയെ അറിയിച്ചത്. വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപിൻറെ അപ്പീൽ.
തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപ് കോടതിയിൽ വാദിച്ചു. അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകണമെന്ന ഉത്തരവിൽ സിംഗിൾ ബെഞ്ച് തൻറെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത കോടതിയിൽ മറുപടി നൽകി. വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
അതേസമയം, കേസിൽ മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിൻറെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേൽക്കോടതിയിൽ നിന്ന് ഇക്കാര്യം മറച്ച് വെച്ചു എന്നതിലാണ് അതീജിവിതയും നിയമ വിദഗ്ധരും സംശയം ഉന്നയിക്കുന്നത്.