Elephant in kerala: നാട്ടാനകളിലെ സീനിയർ; അതൊരു കൊമ്പനല്ല…ഒരു ഇടുക്കിക്കാരി ഒന്നൊന്നര പിടിയാന
തൃശ്ശൂരിൽ മാത്രം ഇവിടെ 109 ആനകളുണ്ട്. ഒരു നാട്ടാന പോലുമില്ലാത്ത കാസർഗോഡാണ് പട്ടികയിൽ പിന്നിലെന്നത് മറ്റൊരു രസകരമായ വസ്തുത.
കൊച്ചി: പാമ്പാടി രാജനും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുമെല്ലാം വാർത്തകളിലെ താരങ്ങളായ നമ്മുടെ സംസ്ഥാനത്തെ ഏറ്റവും സീനിയർ സ്ഥാനത്ത് ഇവരാരുമല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംസ്ഥാനത്തെ നാട്ടാനകളിൽ സീനിയറായി ഒരു കൊമ്പനെ മനസ്സിൽ കണ്ടവർക്ക് തെറ്റി. ഉത്തരം ഇങ്ങ് ഇടുക്കിയിൽ ചിന്നം വിളിച്ചു നിൽപ്പുണ്ട്. 76 കാരിയായ സരസ്വതി എന്ന ഒരു ഒന്നൊന്നര പിടിയാണ് അത്. ഇനി കൂട്ടത്തിൽ കുഞ്ഞൻ ഇങ്ങ് തൃശ്ശൂരാണ്. ഒൻപത് വയസ്സുകാരൻ അയ്യപ്പനാണ് കൂട്ടത്തിലെ കുട്ടി. തലപ്പൊക്കത്തിന്റെ പേരിലും തല്ലുകൊള്ളിത്തരത്തിന്റെ പേരിലും പേരെടുത്തവർക്കിടയിൽ പ്രായം കൊണ്ട് ഇവർ റെക്കോഡ് സൃഷ്ടിക്കുന്നു.
സംസ്ഥാന വനംവകുപ്പാണ് കേരളത്തിലെ നാട്ടാനകളുടെ ഔദ്യോഗിക എണ്ണവും പേരുകളും വയസും അടുത്തിടെ പുറത്തുവിട്ടത്. സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുറയുന്നതായും വനം വകുപ്പിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ 390 നാട്ടാനകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 369 ആണ് എന്നത് ഞെട്ടിക്കുന്ന കണക്ക്. കഴിഞ്ഞ വർഷം ചരിഞ്ഞത് 21 നാട്ടാനകൾ എന്നും കണക്കുകൾ. നാട്ടാനകൾ അധികമുള്ളത് തൃശൂർ ജില്ലയിലാണ് എന്നാണ് കണ്ടെത്തൽ.
ALSO READ – നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം യേശുദാസ് കേരളത്തിലേക്ക് വരുന്നു… വീണ്ടും വേദിയിൽ ഗന്ധർവ്വനാദമുയരും
തൃശ്ശൂരിൽ മാത്രം ഇവിടെ 109 ആനകളുണ്ട്. ഒരു നാട്ടാന പോലുമില്ലാത്ത കാസർഗോഡാണ് പട്ടികയിൽ പിന്നിലെന്നത് മറ്റൊരു രസകരമായ വസ്തുത. കഴിഞ്ഞ ആറു വർഷത്തിനിടെ ചരിഞ്ഞ നാട്ടാനകളുടെ എണ്ണം 140 എന്നതും വലിയൊരു കണക്കാണ്. ഇതിൽ 118ഉം കൊമ്പനാനകളാണ് എന്നത് ചിന്തിപ്പിക്കുന്നു.
പൊതുപ്രവർത്തകനായ രാജു വാഴക്കാലയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് നാട്ടാനകളുടെ വിവരങ്ങൾ പുറത്തുവിട്ടത്. നാട്ടാനകളിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോചിപ്പുകളുടെ സഹായത്തോടെയാണ് ഈ വിവരങ്ങൾ വനം വകുപ്പ് ശേഖരിച്ചിക്കുന്നത്. കാട്ടാനയുടേതിനു സമാനമായി നാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം ലഭിക്കാറുണ്ട്. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നതെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.