M R Ajith Kumar: കുരുക്ക് മുറുകുന്നു; എഡിജിപിക്കെതിരായ അന്വേഷണം, അതീവ രഹസ്യമായിരിക്കണമെന്ന് ഡിജിപി
M R Ajith Kumar:അന്വേഷണ സംഘാംഗങ്ങളുടെ പേര് പുറത്തുപോകരുതെന്നാണ് ഡിജിപിയുടെ നിർദ്ദേശം. കവടിയാറിലെ എഡിജിപിയുടെ മൂന്ന് നില വീടിന്റെ നിർമ്മാണവും, തൃശൂരിൽ വച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടതും ഉള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ട്.
തിരുവനന്തപുരം: പി വി അൻവറിന്റെ ആരോപണത്തെ തുടർന്ന് എഡിജിപി എംആർ അജിത് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്‌ഖ് ദർവേശ് സാഹിബ്. അന്വേഷണ സംഘങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയതായാണ് വിവരം. സംഘത്തിൽ ഉൾപ്പെട്ട ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടെന്ന എഡിജിപിയുടെ കത്തിൽ തുടർ നടപടികളൊന്നും വേണ്ടെന്ന് ഡിജിപി വ്യക്തമാക്കി. എഡിജിപിയുടെ കത്തിന്മേൽ ഉത്തരവിറക്കുന്നത് ചട്ടവിരുദ്ധമാകുമെന്നതിനാലാണ് രേഖാമൂലം തുടർ നടപടി വേണ്ടെന്നുളള തീരുമാനം.
പിവി അൻവർ നൽകിയ മൊഴിയിൽ ഗൗരവമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ കടത്ത്, കൊലക്കേസ് അട്ടിമറി, മരം മുറി ഉള്‍പ്പെടെയുള്ള ആരോപണങ്ങൾ ഐജി സ്പർജൻകുമാറും, ഡിഐജി തോംസണ്‍ ജോസുമാണ് അന്വേഷിക്കുന്നത്. അന്വേഷണ സംഘാംഗങ്ങളുടെ പേര് പുറത്തുപോകരുതെന്നാണ് ഡിജിപിയുടെ നിർദ്ദേശം. ദക്ഷിണ മേഖല ഐജിയും, തൃശൂർ റെയ്ഞ്ച് ഡിഐജിയും അന്വേഷണ സംഘത്തിലുണ്ട്. കവടിയാറിലെ എഡിജിപിയുടെ മൂന്ന് നില വീടിന്റെ നിർമ്മാണവും, തൃശൂരിൽ വച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടതും ഉള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ട്.
ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചെങ്കിലും ക്രമസമാധാന ചുമതലകളിൽ നിന്ന് എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റി നിർത്തിയിട്ടില്ല. ദക്ഷിണ മേഖല ഐജിയും, തൃശൂർ റെയ്ഞ്ച് ഡിഐജിയും അന്വേഷണ സംഘത്തിലുണ്ട്. ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടെന്ന ഉത്തരവിറക്കാൻ അജിത് കുമാർ ഡിജിപിയോട് ആവശ്യപ്പെട്ടു. ഉത്തരവിറക്കുന്നത് നിയമപ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ ഉത്തരവിറക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എഡിജിപിയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡഷ്യൽ റിപ്പോർട്ട് തയ്യാറാക്കേണ്ടത്. അങ്ങനെയുള്ളപ്പോള്‍ താത്കാലികമായി തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് ഡിജിപിക്ക് ഉത്തരവിറക്കാൻ സാധിക്കില്ല.
ഇന്നലെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്‌ഖ് ദർവേശ് സാഹിബും തമ്മിൽ ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി. എം ആർ അജിത് കുമാറിനെതിരായ അന്വേഷണ വിവരങ്ങൾ ഡിജിപി മുഖ്യന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും പങ്കെടുത്തെന്ന് റിപ്പോർട്ടുകളുണ്ട്. ക്രൈംബ്രാഞ്ച് ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷിനേയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടെന്ന കാര്യം എം ആർ അജിത് കുമാർ സമ്മതിച്ചതോടെ എഡിജിപിയെ ആ സ്ഥാനത്ത് തുടരാൻ അനുവദിക്കേണ്ടതുണ്ടോ എന്ന കാര്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. ഇടതുമുന്നണിക്കുള്ളിലും വിയോജിപ്പുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിയോജിപ്പ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമാണെന്ന് എഡിജിപി വ്യക്തമാക്കുമ്പോഴും എന്തിനായിരുന്നുവപെന്ന ചോദ്യം ബാക്കിയാകുകയാണ്.
അതേസമയം എഡിജിപി എം ആർ അജിത് കുമാർ സെപ്റ്റംബർ 14 മുതൽ 17 വരെ അവധിയില്‍പ്പോകാനും തീരുമാനിച്ചു. നേരത്തേ നല്‍കിയ അവധി അപേക്ഷയ്ക്ക് ആഭ്യന്തര വകുപ്പ് അനുമതി നൽകുകയായിരുന്നു. ആരോപണങ്ങളെ തുടർന്ന് അവധി നീട്ടാനും സാധ്യതയുണ്ട്.