മോദിയുടെ ഗ്യാരന്റി കോര്‍പറേറ്റുകള്‍ക്ക് മാത്രം; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് ബിജെപി-സിപിഎം ഡീലുണ്ടെന്ന ആരോപണം കോണ്‍ഗ്രസിന്റെ മോഹമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള മോദിയുടെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് കള്ളം പറയുന്ന ശീലമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കരുവന്നൂര്‍ ബാങ്കിലെ 117 കോടി നിക്ഷേപം തിരികെ കൊടുത്തു. 8.16 കോടിയുടെ പുതിയ വായ്പ നല്‍കി. 103 കോടി രൂപ വായ്പയെടുത്തവര്‍ തിരിച്ച് നല്‍കി. തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതും സംസ്ഥാന സര്‍ക്കാര്‍. ഇതൊക്കെ പ്രധാനമന്ത്രിക്ക് അറിയാം. തെരഞ്ഞെടുപ്പായതുകൊണ്ടാണ് പറയുന്നതെന്ന് പിണറായി പറഞ്ഞു.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് 100 കോടിയുടെ സ്വത്തുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്ത് പരിഹാസ്യമായ നിലപാടാണത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുകൊണ്ടൊന്നും പിന്നോട്ട് പോവില്ല. ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചിട്ട് സുരേഷ് ഗോപിയെ രക്ഷപ്പെടുത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല. ഞങ്ങളുടെ കൈയില്‍ പണമില്ലെങ്കില്‍ ജനം പണം നല്‍കും,’ അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പ്രകടന പത്രികയില്‍ കണ്ടത് വര്‍ഗീയ അജണ്ഡയാണ്. കഴിഞ്ഞ 10 വര്‍ഷത്തിന്റെ പ്രോഗ്രസ് കാര്‍ഡ് കാണിച്ച് വോട്ട് ചോദിക്കാന്‍ ബിജെപിക്ക് ധൈര്യമില്ല. 10 വര്‍ഷം കൊണ്ട് ആര്‍ക്കുനല്‍കിയ വാഗ്ദാനമാണ് ബിജെപി നടപ്പിലാക്കിയത്. രാജ്യത്ത് ഗ്യാരന്റി കിട്ടിയത് കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ്. 10 ലക്ഷം രൂപയുടെ കോര്‍പറേറ്റ് ലോണ്‍ എഴുതി തള്ളിയത് കേന്ദ്രസര്‍ക്കാരാണ്. പ്രകടന പത്രികയില്‍ കാണിച്ച അതേ വിഭാഗീയത തന്നെയാണ് ബിജെപി കേരളത്തോട് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ബിജെപി-സിപിഎം ഡീലുണ്ടെന്ന ആരോപണം കോണ്‍ഗ്രസിന്റെ മോഹമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിനെയും യുഡിഎഫിനെയും സൂക്ഷിക്കണം. ഇവിടെ രണ്ട് ചേരിയിലാണെന്ന് പറയുന്നവര്‍ ഡല്‍ഹിയില്‍ ഒരു പ്ലേറ്റില്‍ കഴിക്കുന്നു. ഇന്ത്യ സഖ്യമുണ്ടാക്കിയത് മോദി ഇവരുടെ കൊള്ള തകര്‍ക്കുമെന്നറിയാവുന്നതിനാല്‍. മോദിയാണവരുടെ ശത്രു. താന്‍ പാവങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുകയാണെന്നുമാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് സിപിഎം കൊള്ളയുടെ ഒരു ഉദാഹരണമാണ്. ജനങ്ങളുടെ പണം പരസ്യമായി കൊളളയടിച്ചു. പാവങ്ങള്‍, മധ്യവര്‍ഗം അധ്വാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കിയെന്നും മോദി ആരോപിച്ചു.
സിപിഎം മൂന്ന് വര്‍ഷമായി നുണ പറയുന്നു. പണം നല്‍കും കുറ്റക്കാരെ ശിക്ഷിക്കും എന്ന് നുണ പറയുകയാണ്. എന്നാല്‍, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇ ഡി കണ്ടുകെട്ടി. നിയമ നടപടി പൂര്‍ത്തിയാക്കി നഷ്ടപ്പെട്ടവര്‍ക്ക് വിട്ടു നല്‍കുന്നതെങ്ങനെ എന്ന് ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. കരുവന്നൂരില്‍ വഞ്ചിതരായവര്‍ക്ക് പണം തിരിച്ചുനല്‍കും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു.