ഇത്തവണത്തേത് ലോക്സഭാ തെരഞ്ഞെടുപ്പിലെ തൻറെ അവസാനത്തെ മത്സരമെന്ന് തരൂർ
താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണി. പത്തനംതിട്ടയിലെ തോൽവി, അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.
ഇത്തവണത്തേത് ലോക്സഭാ തെരഞ്ഞെടുപ്പിലെ മത്സരം തൻറെ അവസാനത്തെ മത്സരമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ അറിയിച്ചു. എന്നാൽ മത്സരിക്കില്ല എന്ന് പറഞ്ഞതിനർത്ഥം രാഷ്ട്രീയം നിർത്തുമെന്നല്ലെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാൽ വ്യത്യസ്തമായ പങ്ക് നിർവഹിക്കാൻ അവസരം കിട്ടിയാൽ അത് നിർവഹിക്കും എന്നും ബിജെപി ഭരണം തുടരുകയാണെങ്കിൽ വിവാദ തീരുമാനങ്ങൾക്കെതിരെ താൻ ജനങ്ങൾക്കു വേണ്ടി ശബ്ദം ഉയർത്തും എന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല പുനഃസംഘടന, ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവക്കെതിരെ നിലപാട് എടുക്കുമെന്നും ഒരു സ്വകാര്യ ചാനലിനു നൽകി അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി അനിൽ ആന്റണി അച്ഛൻ എ.കെ ആന്റണിയോട് മര്യാദയും സ്നേഹവും കാണിക്കണമെന്നും ശശി തരൂർ പറഞ്ഞു. അച്ഛന്റെ ദുഖം അനിൽ മനസിലാക്കണമെന്നും അനിൽ തീവ്ര ബിജെപി നയങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണി. പത്തനംതിട്ടയിലെ തോൽവി, അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി. എ കെ ആൻറണി പഠിപ്പിക്കാൻ ശ്രമിച്ച കാര്യങ്ങൾ ഇത്ര വേഗത്തിൽ അനിൽ മറന്നുപോയെന്നും അനിൽ ഉപയോഗിച്ച ഭാഷ കോൺഗ്രസിൽ ഉപയോഗിക്കാറില്ല എന്നും അതിനെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹമില്ലെന്നും ശശി തരൂർ പ്രതികരിച്ചു.
മത്സരങ്ങൾ
2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് തരൂർ മത്സര രംഗത്ത് എത്തുന്നത്. അന്ന് 99998 വോട്ടുകൾക്ക് അദ്ദേഹം വിജയിച്ചിരുന്നു. തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയായി. കൊച്ചി ഐ. പി. എൽ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് 2010 ഏപ്രിൽ 18-ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെച്ചു. 2012 ഒക്ടോബർ 28-നു നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ശശി തരൂരിന് മാനവവിഭവശേഷി വകുപ്പും ലഭിച്ചു. 2014 -ലും തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഒ. രാജ ഗോപാലായിരുന്നു അന്ന് മുഖ്യ എതിരാളി. 2019-ലെ തിരഞ്ഞെടുപ്പിലും വിജയം തരൂരിനൊപ്പമായിരുന്നു. അന്ന് ബി.ജെ.പി യുടെ കുമ്മനം രാജശേഖരനെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
വിവാദങ്ങൾ
- 2008 ഡിസംബറിൽ കൊച്ചിയിൽ ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെപി ഹോർമിസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു നിർദ്ദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഹർജി നൽകുകയും പിന്നീട് തരൂരിന് കോടതി ജാമ്യം നൽകുകയും ചെയ്തു.
- കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം മൂന്നു മാസം ഔദ്യോഗിക വസതിക്ക് പകരം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ഇത് വിവാദമായതിനെ തുടർന്ന് കോണ്ഗ്രസ് നേതൃത്വം ഇടപെട്ട് സംസ്ഥാന ഭവനുകളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
- ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയാ ഗാന്ധി യാത്രാ വിമാനത്തിലും രാഹുൽ ഗാന്ധി ട്രെയിനിലും സഞ്ചരിച്ച സംഭവം നടന്ന കാലത്ത് ട്വിറ്ററിലെ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിൽ ഇക്കോണമി ക്ലാസിനെ “കന്നുകാലി-ക്ലാസ്” എന്നു വിശേഷിപ്പിച്ചത് ശരിയായില്ലെന്ന് കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ വിലയിരുത്തൽ ഉണ്ടായി.